ബസ് യാത്രയ്ക്കിടെ മാല മോഷ്ടിച്ച പഞ്ചായത്ത് പ്രസിഡന്റ് പിടിയിൽ. തിരുപ്പത്തൂർ നരിയംപെട്ട് പഞ്ചായത്ത് പ്രസിഡന്റ് ഭാരതിയാണ് പിടിയിലായത്. ഡിഎംകെ വനിതാ വിഭാഗം ജില്ലാ നേതാവാണ്. നേർക്കുണ്ട്രം സ്വദേശിയുടെ മാലയാണ് മോഷ്ടിച്ചത്. ഭാരതിയെ റിമാൻഡ് ചെയ്തു. പൊതുപ്രവർത്തനത്തിനൊപ്പം മോഷണവും ഒരു ഹോബിയാക്കിയ ഈ വനിതാ നേതാവിനെ അറസ്റ്റ് ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
കാഞ്ചീപുരത്ത് നടന്ന ഒരു വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത ശേഷം ബസിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന നേർക്കുണ്ട്രം സ്വദേശി വരലക്ഷ്മിയുടെ അഞ്ച് പവൻ തൂക്കമുള്ള സ്വർണ്ണമാലയാണ് മോഷണം പോയത്. കോയമ്പേട് ബസ് സ്റ്റാൻഡിൽ ഇറങ്ങിയ ശേഷമാണ് ബാഗിലുണ്ടായിരുന്ന മാല നഷ്ടപ്പെട്ടതായി വരലക്ഷ്മി മനസ്സിലാക്കിയത്. തുടർന്ന് അവർ ഉടൻ തന്നെ പൊലീസിൽ പരാതി നൽകി.
പൊലീസ് നടത്തിയ അന്വേഷണത്തിൽ കോയമ്പേട് ബസ് സ്റ്റാൻഡിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വരലക്ഷ്മിയുടെ ബാഗിൽ നിന്ന് ഒരു സ്ത്രീ മാല മോഷ്ടിക്കുന്നതായി കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് തിരുപ്പത്തൂർ പഞ്ചായത്ത് പ്രസിഡന്റായ ഭാരതിയാണെന്ന് വ്യക്തമായത്. 56 വയസ്സുള്ള ഭാരതിക്കെതിരെ തിരുപ്പത്തൂർ, വെല്ലൂർ, അമ്പൂർ എന്നിവിടങ്ങളിൽ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.