തിരുവനന്തപുരം: സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സർക്കാരിന് യാതൊരു പങ്കുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദത്തിനിടയാക്കിയ സ്ത്രീക്ക് സംസ്ഥാന സർക്കാരിന്റെ ഐടി വകുപ്പുമായി ഒരു ബന്ധവുമില്ലെന്നും തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ ഏതെങ്കിലും തരത്തിലുള്ള പുകമറയുയർത്തി സർക്കാരിനെ തളർത്തിക്കളയാം എന്നുകരുതിയാൽ നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഓൺലൈൻ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവാദത്തിനിടയാക്കിയ വനിതയുമായി ബന്ധപ്പെട്ട് ശിവശങ്കറിനെതിരെ ആരോപണം ഉയർന്നുവന്നപ്പോൾ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കംചെയ്തിട്ടുണ്ട്. അതിന്റെ അർഥം ശിവശങ്കറിനെതിരെ നിയമപരമായി എന്തെങ്കിലും ആരോപണം ഉയർന്നുവന്നു എന്നല്ല. പക്ഷെ പൊതുസമൂഹത്തിൽ ഈ വനിതയുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നുവന്നിട്ടുണ്ട്. അതുകൊണ്ടാണ് അത്തരമൊരു നിലപാടെടുത്തത്. ഇത്തരമൊരു നിലപാട് യുഡിഎഫിന് ചിന്തിക്കാൻ കഴിയുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഇപ്പോൾ നടന്നിട്ടുള്ള കള്ളക്കടത്ത് സംസ്ഥാനസർക്കാരുമായി ബന്ധപ്പെട്ട ഒരു കാര്യമല്ല. സംസ്ഥാന സർക്കാരിന്റെ ഏതെങ്കിലും ഏജൻസിക്കല്ല പാർസൽ വന്നിട്ടുള്ളത്. അത് അഡ്രസ് ചെയ്തത് യുഎഇ കോൺസുലേറ്റിലേക്കാണ്. കോൺസുലേറ്റിന്റെ അധികാരപത്രം ഹാജരാക്കിയാണ് പാർസൽ വാങ്ങാനെത്തിയതെന്നാണ് അറിയുന്നത്.
കേസിലെ വിവാദവനിതയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ഒരു ബന്ധവുമില്ല. ഐടി വകുപ്പുമായും ഇവർക്ക് നേരിട്ടൊരു ബന്ധവുമില്ല. ഐടി വകുപ്പിനു കീഴിൽ നിരവധി പ്രൊജക്ടുകളുണ്ട്. അതിന്റെ കീഴിൽ സ്പേസ് സെല്ലിങ് അഥവാ മാർക്കറ്റിങ് ചുമതലയാണ് ഈ വനിതയ്ക്കുണ്ടായിരുന്നത്. കരാർ അടിസ്ഥാനത്തിലാണത്. ഇവരെ ജോലിക്കെടുത്തത് ഈ പ്രൊജക്ടിന്റെ മാനേജ്മെന്റ് നേരിട്ടല്ല, പ്ലേസ്മെന്റ് ഏജൻസി വഴിയാണ്. ഇത്തരം പ്രൊജക്ടുകളിൽ താൽകാലിക നിയമനം നടത്തുന്നത് അസ്വാഭാവികമായ കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് പൊതുസമൂഹത്തിൽ തെറ്റായ ചിത്രം ഉയർത്തിക്കാട്ടാൻ ശ്രമം നടക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ആരും വിളിച്ചില്ല എന്ന് കസ്റ്റംസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഇതുമായി ബന്ധപ്പെട്ട എല്ലാ കെട്ടുകഥയും പൊളിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.