കൊവിഡ് നിയന്ത്രണങ്ങളില്‍ ക്രമേണയുള്ള ഇളവുകള്‍ വന്നതിന്റെ ഭാഗമായി തങ്ങളുടെ എല്ലാ സ്‌റ്റോറുകളിലേക്കും സന്ദര്‍ശകരെയും ഷോപ്പര്‍മാരെയും സ്വാഗതം ചെയ്ത് മാള്‍ ഓഫ് ഖത്തര്‍. എല്ലാ വിധ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചും സുരക്ഷിത അകലം പാലിച്ചും വേണം മാളില്‍ പ്രവേശിക്കാനും ഇടപഴകാനും. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തുന്ന രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ചില്ലറ വില്‍പ്പനശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ ഖത്തര്‍ അധികൃതര്‍ അനുവാദം നല്‍കിയത്.
അതേസമയം, റസ്റ്റോറന്റുകളും കഫേകളും ഇരുന്ന ഭക്ഷണം കഴിക്കാനുള്ള സൗകര്യം അനുവദിക്കില്ല. ഭക്ഷണം കൊണ്ടുപോകാനും ഡെലിവറിക്കുമുള്ള സൗകര്യമുണ്ടാകും. രാവിലെ ഒമ്പത് മുതലാണ് മാള്‍ ഓഫ് ഖത്തര്‍ പ്രവര്‍ത്തനം ആരംഭിക്കുക. ഞായര്‍ മുതല്‍ ബുധന്‍ വരെ രാത്രി പത്ത് വരെ പ്രവര്‍ത്തിക്കും. വ്യാഴാഴ്ചകളില്‍ രാത്രി 11 വരെയുണ്ടാകും. വെള്ളിയാഴ്ചകളില്‍ ഹൈപര്‍മാര്‍ക്കറ്റ്, ഫാര്‍മസി, അവശ്യ സേവനങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിക്കുക.
12 വയസ്സിന് താഴെയുള്ള കുട്ടികളെ ഒരു കാരണവശാലും മാളിലേക്ക് പ്രവേശിപ്പിക്കുകയില്ല. മാളിലെ എല്ലാ ജീവനക്കാരെയും ഉടമസ്ഥരെയും ഉള്‍ക്കൊള്ളിച്ച് 300 കൊവിഡ് പരിശോധനകള്‍ ആരോഗ്യ മന്ത്രാലയം നടത്തിയിട്ടുണ്ട്. 80 ഹാന്‍ഡ്‌റെയ്ല്‍ യു വി സാനിറ്റേഴ്‌സറുകളും സ്ഥാപിച്ചിട്ടുണ്ട്.