Headlines

‘എകെ ബാലന്റെ പരാമർശം വർഗീയ കലാപം ഉണ്ടാക്കാൻ; സംഘപരിവാർ അജണ്ട നടത്തുന്ന പ്രചരണത്തിന്റെ ഭാഗം’; വിഡി സതീശൻ

യുഡിഎഫ് അധികാരത്തിൽ വന്നാൽ ജമാഅത്ത് ഇസ്ലാമിയായിരിക്കും ആഭ്യന്തരം ഭരിക്കുന്നതെന്ന സിപിഐഎം നേതാവ് എകെ ബാലന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എകെ ബാലന്റെ പ്രസ്താവന വർഗീയ കലാപം ഉണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് അദേഹം പറഞ്ഞു. ഇന്ത്യയിൽ സംഘപരിവാർ നടത്തുന്ന പ്രചരണത്തിന്റെ ഭാഗമായുള്ളതാണെന്ന് വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.സിപിഐഎം നേതൃത്വത്തിന്റെ അറിവോടെയാണ് എ കെ ബാലൻ ഈ പ്രസ്താവന നടത്തിയിരിക്കുന്നതെന്ന് വിഡി സതീശൻ ആരോപിച്ചു. വെള്ളാപ്പള്ളി നടേശനും എ കെ ബാലനും നടത്തിയ പ്രസ്താവനകൾ തമ്മിൽ കൂട്ടി വെക്കാമെന്ന് അദേഹം പറഞ്ഞു. ബിനോയ് വിശ്വം എകെ ബാലന്റെ വർഗീയ പ്രസ്താവനയെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് വിഡി സതീശൻ ചോദിച്ചു. ബിനോയ് വിശ്വം ഉത്തരം താങ്ങുന്ന പല്ലി എന്ന പ്രചാരണമാണ് നടക്കുന്നതെന്നും ഇടതുമുന്നണി ശിഥിലിക്കപ്പെടുകയാണെന്നും അദേഹം പറഞ്ഞു.ശബരി സ്വർണ്ണക്കൊള്ളിയിൽ പത്മകുമാറിനെ സിപിഐഎം സംരക്ഷിക്കുന്നുവെന്ന് വിഡി സതീശൻ ആരോപിച്ചു. പത്മകുമാർ ദൈവതുല്യനായി കാണുന്ന ആളിനെ സംരക്ഷിക്കാൻ ആണോ എന്ന് സിപിഐഎം വ്യക്തമാക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു. അയ്യപ്പന്റെ സ്വർണ്ണം കവർന്നവർക്ക് കുടപിടിക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്യുകയാണ് സിപിഐഎമ്മെന്ന് വിഡി സതീശൻ കൂട്ടിച്ചേർത്തു.