Headlines

മഹാരാഷ്ട്ര അമ്പര്‍നാഥില്‍ ബിജെപി-കോണ്‍ഗ്രസ് സഖ്യം; അപ്രതീക്ഷിത സഖ്യം ശിവസേന ഷിന്‍ഡെ വിഭാഗത്തോട് എതിരിടാന്‍

മഹാരാഷ്ട്രയിലെ അമ്പര്‍നാഥില്‍ ബിജെപി-കോണ്‍ഗ്രസ് സഖ്യം. അമ്പര്‍നാഥ് മുനിസിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് ഇരു പാര്‍ട്ടികളും സഖ്യമായത്. ശിവസനേ ഷിന്‍ഡെ വിഭാഗം അധികാരം പിടിക്കുന്നത് തടയാനാണ് ബിജെപിയും കോണ്‍ഗ്രസും ഒന്നായത്. (BJP, Congress form rare alliance in maharashtra).കടുത്ത വിരോധത്തിലാണെങ്കിലും മുംബൈയ്ക്കടുത്ത് അമ്പര്‍നാഥില്‍ കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ത്തു. അമ്പര്‍നാഥ് വികാസ് അഖാഡി എന്ന പേരില്‍ കൈകോര്‍ത്ത സഖ്യത്തില്‍ എന്‍സിപി അജിത് പവാര്‍ വിഭാഗവും ഉണ്ട്. ശിവസേന ഷിന്‍ഡെ വിഭാഗത്തിന്റെ ശക്തി കേന്ദ്രത്തില്‍ അവരെ തോല്‍പിക്കാനാണ് ബിജെപി കോണ്‍ഗ്രസിനെയും ഒപ്പം കൂട്ടിയത്. മുനിസിപ്പല്‍ കൗണ്‍സിലില്‍ ആകെ 60 സീറ്റുകളാണ് ഉള്ളത്. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പില്‍ ഷിന്‍ഡെ വിഭാഗത്ത് 27 കൗണ്‍സിലര്‍മാരെയാണ് വിജയിപ്പിക്കാനായത്. കേവലഭൂരിപക്ഷത്തിന് നാല് സീറ്റ് കുറവ്. ബിജെപിയുടെ 14 പേരും കോണ്‍ഗ്രസിന്റെ 12 പേരും അജിത് പവാര്‍ വിഭാഗത്തിന്റെ 4 പേരും 2 സ്വതന്ത്രരും ചേര്‍ന്ന സഖ്യം അധികാരം പിടിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഷിന്‍ഡെ വിഭാഗത്തിന്റെ മനീഷ വാലേക്കറിനെ ബിജെപിയുടെ തേജശ്രീ പാട്ടീല്‍ കോണ്‍ഗ്രസ് സഹായത്തില്‍ തോല്‍പിച്ചു.അഴിമതി അവസാനിപ്പിച്ച് വികസനം കൊണ്ട് വരാനാണ് സഖ്യത്തിലായതെന്ന് പ്രാദേശിക നേതാക്കള്‍ പറയുന്നു. ഔദ്യോഗികമായി ഒരു സഖ്യവും തീരുമാനിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളും പറയുന്നു. ബിജെപിക്കെതിരെ ഷിന്‍ഡെ വിഭാഗം കടുത്ത അതൃപ്തിയിലാണ്. ധാരാശിവില്‍ കണ്ട കോണ്‍ഗ്രസ് ശിന്‍ഢെ സഖ്യവും, പിംപ്രി ചിന്‍ച്വാദിലെ ശരദ് പവാര്‍ അജിത് പവാര്‍ സഖ്യവും അടക്കം അവിയല്‍ പരുവത്തിലാണ് തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് മഹാരാഷ്ട്രയില്‍ മുന്നണികളുടെ അവസ്ഥ. പക്ഷെ ബിജെപി കോണ്‍ഗ്രസ് സഖ്യം അപ്രതീക്ഷിതമാണ്.