ചോറ്റാനിക്കര ∙ ദേവീക്ഷേത്രത്തിൽ ഭജനയ്ക്കെത്തിയ കണ്ണൂർ സ്വദേശിനിയെ കൊലപ്പെടുത്തിയത് ഒപ്പമുണ്ടായിരുന്ന ഇരട്ട സഹോദരി. കണ്ണൂർ കുടിലിൽ തലമുണ്ട കറുവ സവിത(45)യെ കൊലപ്പെടുത്തിയതിന് ഇരട്ട സഹോദരി സജിതയെ ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തു. സത്രത്തിലെ മുറിയിൽ ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.
ശ്വാസംമുട്ടിയാണു മരണമെന്നു പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞതോടെയാണ് കരുതൽ തടങ്കലിലുണ്ടായിരുന്ന സഹോദരിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സവിതയുടെ തല ഭിത്തിയിലിടിച്ചതായും മുഖത്തു വെള്ളം ഒഴിച്ച് ശ്വാസം മുട്ടിച്ചതായും സജിത പൊലീസിനു മൊഴിനൽകിയിരുന്നു. കൊലപാതകത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. കൊല്ലണമെന്നു തനിക്ക് തോന്നിയെന്നാണു പ്രതിയുടെ മൊഴി.
കഴിഞ്ഞ 29നാണു സവിതയും സജിതയും സഹോദരൻ സുധീർ കുമാറിനൊപ്പം ചോറ്റാനിക്കര ക്ഷേത്രത്തിൽ ഭജനയ്ക്കെത്തിയത്. സത്രത്തിൽ ഒരു മുറിയിലായിരുന്നു മൂവരും താമസം. സഹോദരിമാർ തമ്മിലുണ്ടായ തർക്കവും അക്രമവും താൻ അറിഞ്ഞില്ലെന്നും ഉറക്കത്തിലായിരുന്നെന്നുമാണു സുധീർ നൽകിയ മൊഴി. കൃത്യം നടന്ന മുറി വൃത്തിയാക്കിയ നിലയിലാണ്.
ബുധനാഴ്ച രാവിലെ സുധീറാണ് സഹോദരി സവിത കട്ടിലിൽ നിന്നു താഴെ വീണുകിടക്കുകയാണെന്നും അനക്കമില്ലെന്നും സത്രം ജീവനക്കാരെ അറിയിച്ചത്. ഉടൻ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹത്തിൽ മുറിവുകളും കടിയേറ്റ പാടുകളും കണ്ടതോടെ അസ്വാഭാവികത തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്.
ഇൻസ്പെക്ടർ കെ.ആർ.ബിജു, എസ്ഐമാരായ നന്ദു എസ്.നായർ, പൗലോസ്, സുനിൽ സാമുവൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
സവിതയുടെ മൃതദേഹം ഇന്ന് 10നു പയ്യാമ്പലത്ത് സംസ്കരിക്കും. പരേതനായ കുറുവ കുഞ്ഞിക്കണ്ണന്റെയും തേമ്പാരി നളിനിയുടെയും മകളാണ്. ഭർത്താവ്: സജിത്ത്. മക്കൾ: സച്ചിൻ, സാരംഗ്






