ദേശീയതലത്തിൽ നാളികേര വികസന ബോർഡ് രൂപീകരിക്കാനുള്ള ഇന്ദിരാ ഗാന്ധി സർക്കാരിന്റെ തീരുമാനത്തിന് പിന്നിലെ ശക്തി പി.ജി. വേലായുധൻ നായർ ആണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. സ്വാതന്ത്ര്യസമര സേനാനിയും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും കേരകർഷകസംഘം ജനറൽ സെക്രട്ടറിയും ആയിരുന്ന പി.ജി.വേലായുധൻ നായരുടെ പത്താം ചരമവാർഷിക അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെങ്ങ് കൃഷിക്കാരുടെ ഉന്നമനത്തിനായി രൂപീകരിച്ച കേന്ദ്ര നാളികേര വികസന ബോർഡിന്റെ ആസ്ഥാനം കേരളത്തിൽ നിന്നും മാറ്റാനുള്ള ശ്രമങ്ങൾക്കെതിരെ കൊടിയുടെ നിറം നോക്കാതെ അണിനിരക്കണമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. ഇന്ദിര ഗാന്ധിയെ നേരിൽ കണ്ട് 1979-ൽ കേന്ദ്ര നാളികേര ബോർഡ് ആക്ട് കൊണ്ടുവന്നതും, പിന്നീട് 1981-ൽ നാളീകേര വികസന ബോർഡ് സ്ഥാപിച്ചതും, കേരകർഷക സംഘം സ്ഥാപകനും സ്വാതന്ത്യ സമര സേനാനിയും, അവിഭക്ത കമ്യൂണിസ്റ്റ് നേതാവുമായിരുന്ന പി.ജി. വേലായുധൻ നായരുടെ ശ്രമഫലമായി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ബോർഡിന്റെ ആസ്ഥാനമായി കേരളത്തെ നിശ്ചയിച്ചത് ഇന്ദിര ഗാന്ധി തന്നെയായിരുന്നു. തികഞ്ഞ കമ്യൂണിസ്റ്റ് ആയിരുന്നു പിജി എങ്കിലും പാർട്ടി വ്യത്യാസമില്ലാതെ കർഷകരെ അണിനിരത്തുന്ന ഒരു പൊതു വേദിയായിട്ടാണ് അദ്ദേഹം കേരകർഷക സംഘം രൂപീകരിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരകർഷക സംഘം നേതാക്കളായ അഡ്വ. ജെ. വേണുഗോപാലൻ നായർ, ജി. ഗോപിനാഥൻ, തലയൽ പി. കൃഷ്ണൻ നായർ, എ. പ്രദീപൻ തുടങ്ങിയവർ അനുസ്മരണ ചടങ്ങിൽ സംസാരിച്ചു.
അതേസമയം തികഞ്ഞ കമ്മ്യൂണിസ്റ്റ് ആയിരുന്നിട്ടും കേര കർഷക സംഘത്തിന്റെ വേദികൾ നിഷ്പക്ഷമാക്കാൻ കഴിഞ്ഞ നേതാവാണ് പിജി വേലായുധൻ നായർ. എ.കെ ആന്റണി, പി.കെ.വി , മുല്ലപ്പള്ളി രാമചന്ദ്രൻ, സി.കെ ചന്ദ്രപ്പൻ, വി.കെ രാജൻ, എം.എം ഹസ്സൻ, തലേക്കുന്നിൽ ബഷീർ, പി.ജെ കുര്യൻ, പി.സി ചാക്കോ , കെ.ശങ്കര നാരായണൻ, വക്കം പുരുഷോത്തമൻ, കൊടിക്കുന്നിൽ സുരേഷ് , പാലോട് രവി , പിരപ്പൻകോട് മുരളി, അഡ്വ. ജെ ആർ പത്മകുമാർ തുടങ്ങിയ വിവിധകക്ഷി നേതാക്കളെയാകെ കേരകർഷക സംഘത്തിന്റെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുപ്പിച്ചു.
കേരളത്തിലെമ്പാടുമുള്ള ഗ്രാമപ്രദേശങ്ങളിലെ കർഷകർക്കും പാർട്ടി പ്രവർത്തകർക്കും സുപരിചിതനായിരുന്നു പി.ജി.വേലായുധൻ നായർ. സ്വന്തം ഗ്രാമമായ തിരുവനന്തപുരം ജില്ലയിലെ വെമ്പായം വില്ലേജിൽ ബഹുജന സംഘടനകൾ സംഘടിപ്പിച്ചുകൊണ്ട് 1947ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. 1954ലെ നെടുമങ്ങാട് ചന്തസമരത്തിന്റെ സംഘാടകനായിരുന്നു പി.ജി എന്ന് ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പി.ജി.വേലായുധൻ നായർ. ആ സമരത്തിൽ താലൂക്കിലെ കർഷകരെ ആകെ അണിനിരത്തി.
സിപിഐയിലേക്ക്…
അഭിപ്രായ വ്യത്യാസത്തെ തുടർന്ന് 1969ൽ സിപിഐഎം വിട്ടു. പാർട്ടിയുടെ നയങ്ങളെ ശക്തിയായി വിമർശിച്ചുകൊണ്ട് പാർട്ടി വിട്ട അദ്ദേഹം ഒരു വർഷക്കാലം തിരുവനന്തപുരം ജില്ലയിലെ കൃഷിക്കാരെ സംഘടിപ്പിച്ചു.
പിന്നീട് അവരെ ചേർത്ത് ഒരു സ്വതന്ത്ര കർഷക പ്രസ്ഥാനം രൂപീകരിച്ചു. എൻ ഇ ബലറാം, എൻ നാരായണൻ നായർ, എസ് കുമാരൻ എന്നിവർ സിപിഐയിലേക്ക് ക്ഷണിച്ചതിനെ തുടർന്ന് 1970ൽ പി ജി വേലായുധൻ നായരും കൂടെയുള്ള നൂറുകണക്കിന് കർഷകരും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. തുടർന്ന് പിജി കിസാൻ സഭയുടെ സംസ്ഥാന നേതൃത്വത്തിലേക്കെത്തി. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗമായി ദീർഘകാലം പ്രവർത്തിച്ചു.
ഒട്ടേറെ പ്രക്ഷോഭ സമരങ്ങളുടെ മുൻനിരയിൽ പി.ജി ഉണ്ടായിരുന്നു. മൂന്നു കൊല്ലക്കാലം കണ്ണൂർ, തിരുവനന്തപുരം സെൻട്രൽ ജയിലുകളിൽ തടവുകാരനായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പിളർപ്പുണ്ടായപ്പോൾ , സി പി ഐ എം രൂപീകരിക്കാൻ മുന്നിൽ നിന്ന ചുരുക്കം നേതാക്കളിൽ ഒരാളായിരുന്നു പി ജി. അന്ന് സി പി ഐ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് പുറത്താക്കപ്പെട്ടവരിൽ എ കെ ജി , ഈ എം എസ്, ഓ ജെ ജോസഫ്, കെ ആർ ഗൗരിയമ്മ എന്നിവരുടെ ഒപ്പം പി ജി വേലായുധൻ നായരും ഉണ്ടായിരുന്നു. പാർലിമെന്ററി രാഷ്ട്രീയം ആഗ്രഹിക്കാതെ സംഘപ്രവർത്തനങ്ങളിൽ സജീവമായി. സി പി എം ന്റെ കർഷക സംഘടന കേരള കർഷകസംഘത്തിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു പി.ജി.കേരളത്തിലെ കേരകർഷകർ സംഭരിച്ച് ഏർപ്പെടുത്തിയ ‘കേരമിത്ര അവാർഡ്’ ലഭിച്ചു. എന്നാൽ ഒരുലക്ഷം രൂപയുടെ അവാർഡ് തുക അദ്ദേഹം ആ യോഗത്തിൽ വച്ചുതന്നെ കേരകർഷക സംഘത്തിനു ഒരു മന്ദിരം നിർമ്മിക്കുന്നതിനായി ഭാരവാഹികളെ ഏൽപിച്ചു. തന്റെ 80ാമത്തെ വയസിൽ കഴിഞ്ഞകാല സമരചരിത്രങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് പി ജി രചിച്ച ‘എന്റെ ഓർമ്മക്കുറിപ്പുകൾ’ എന്ന പുസ്തകം പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2015 നവംബർ 2 ന് അദ്ദേഹം അന്തരിച്ചു.






