വനിത ലോകകപ്പ്; പാകിസ്താനെ തകർത്ത് ഇന്ത്യ

ഐസിസി വനിത ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് ജയം. 248 റൺസ് പിന്തുടർന്ന പാകിസ്താനെ ഇന്ത്യ 159 റൺസിന് ഓൾ ഔട്ടാക്കി. ടോസ് നേടിയ പാകിസ്താൻ ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തു. ടോസിന് ശേഷം ഇരുക്യാപ്റ്റന്മാരും ഹസ്തദാനം നൽകിയിരുന്നില്ല. റിച്ച ഘോഷ് (35), ഹർലീൻ ഡിയോൾ (46) എന്നിവരുടെ പ്രകടനം ഇന്ത്യയെ മികച്ച സ്‌കോറിൽ എത്തിച്ചു. പാകിസ്‌താന്റെ സിദ്ര അമീൻ (81) അർധ സെഞ്ചുറി നേടി. 9 ബൗണ്ടറികളും, ഒരു സിക്സറുമാണ് സിദ്രയുടെ അക്കൗണ്ടിൽ ഉള്ളത്.

ഇന്ത്യൻ ഓപണർമാരായ പ്രതീക റാവൽ, സ്മൃതി മന്ദാന കൂട്ടുകെട്ട് റൺവേട്ടയ്ക്ക് മികച്ച തുടക്കം നൽകി. നാല് ബൗണ്ടറികൾ ഉൾപ്പെടെ 23 റൺസ് നേടിയ സ്മൃതി മന്ദാന ഒൻപതാം ഓവറിൽ വിക്കറ്റ് വഴങ്ങി. അഞ്ച് ബൗണ്ടറികൾ അടക്കം 31 റൺസ് നേടിയ പ്രതീക റാവലിനെ പതിനഞ്ചാം ഓവറിൽ സാദിയ ഇക്ബാൽ പുറത്താക്കി. എന്നാൽ, ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് പാക് നിരയുടെ മുന്നിൽ തിളങ്ങാനായില്ല. 34 പന്തുകളിൽ നിന്ന് 19 റൺസ് മാത്രമാണ് ഹർമൻപ്രീതിന് അടിച്ചുകൂട്ടാനായത്. ഇരുപത്തിയേഴാം ഓവറിലെ മൂന്നാം പന്തിൽ ഡയാന ബെയ്ഗിന്റെ പന്ത് ബാറ്റിൽ തട്ടി കീപ്പർ കൈപ്പിടിയിൽ ഒതുക്കിയപ്പോൾ ഇന്ത്യയ്ക്ക് ജെമിമയെ നഷ്ടപ്പെട്ടെന്ന് കരുതി. പക്ഷെ, അംപയർ നോബോൾ വിളിച്ചു. ശേഷം മുപ്പാത്താം ഓവറിലും ഒരു റൺഔട്ട് പരീക്ഷണവും ജെമീമയ്ക്ക് നേരിടേണ്ടി വന്നു. രണ്ട് പരീക്ഷണങ്ങളും അതിജീവിച്ച് ആ അഞ്ചാം നമ്പർ ജേർസികാരി 37 പന്തിൽ നിന്ന് 32 റൺസ് നേടി. മുപ്പത്തിനാലാം ഓവറിൽ ആദ്യ പന്തിൽ തന്നെ ഇന്ത്യയുടെ നാലാം വിക്കറ്റും നഷ്ടമായി. 46 റൺസ് നേടി നിൽക്കവേ ഹർലീൻ ഡിയോൾ റമീൻ ഷമീം കൈപിടിയിലും ഒതുക്കി. മുപ്പത്തിയഞ്ചാം ഓവറിൽ 37 പന്തിൽ നിന്ന് 32 റൺസ് നേടിക്കൊണ്ട് ജെമീമയും മടങ്ങി. പിന്നീട് കളത്തിലെത്തിയ ആർക്കും തന്നെ മികച്ച റൺസിലേക്ക് ഉയരാനായില്ല. എന്നാൽ, റിച്ച ഘോഷ് 20 പന്തിൽ നിന്ന് രണ്ട് സിക്സറുകളും, മൂന്ന് ബൗണ്ടറികളും അടക്കം 35 റൺസ് നേടി പുറത്താകാതെ നിന്നു. പാകിസ്താനായി ഡയാന ബെയ്ഗ് നാല് വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനായി ഇറങ്ങിയ പാകിസ്താൻ ബാറ്റിംഗ് നിര തുടക്കത്തിൽ തന്നെ വിയർത്തു. നാലാം ഓവറിൽ പാകിസ്താന് ആദ്യ വിക്കറ്റ് നഷ്ടമാവുമ്പോൾ ആറ് റൺസ് മാത്രമായിരുന്നു സമ്പാദ്യം. തുടക്കക്കാർക്ക് ആരും തന്നെ രണ്ടക്കം കാണാനായിരുന്നില്ല. ഓപ്പണർമാരായ മുനീബ അലി (2), സദാഫ് ഷംസ് (6), ആലിയ റിയാസ് (2) എന്നിങ്ങനെയായിരുന്നു സ്കോർ നില.

പാക് നിരയെ തുടക്കത്തിൽ തന്നെ പിടിച്ചുകെട്ടുന്നത്തിൽ ക്രാന്തി ഗൗഡ് നിർണായക പങ്കുവഹിച്ചു. ശേഷം വന്ന സിദ്ര അമീൻ, നതാലിയ പെർവൈസ് കൂട്ടുകെട്ട് പാകിസ്താന് ഉണർവ് നൽകി. എന്നാൽ, പന്ത്രണ്ടാം ഓവറിൽ തകർത്താടി തുടങ്ങിയ ആ കൂട്ടുകെട്ടിന് ഇരുപത്തിയെട്ടാം ഓവറിൽ ക്രാന്തി ഗൗഡ് പൊളിച്ചു. നാല് ബൗണ്ടറികൾ ഉൾപ്പെടെ 46 പന്തിൽ നിന്ന് 33 റൺസ് നേടിയ നതാലിയ പെർവൈസിന്റെ നിർണായക വിക്കറ്റാണ് ക്രാന്തി വീഴ്ത്തിയത്. മുപ്പത്തിയൊന്നാം ഓവറിൽ ക്യാപ്റ്റൻ ഫാത്തിമ സേനയെയും (2) പുറത്താക്കി. സിദ്ര നവാസ് 14 റൺസിനും, റമീൻ ഷമീം പൂജ്യത്തിനും, ഡയാന ബെയ്ഗ് 9 റൺസിനും പുറത്തതായി. അർധസെഞ്ചുറി നേട്ടത്തോടെ തിളങ്ങിയ സിദ്ര അമീനെ ഹർമൻപ്രീത് കൗറിന്റെ ക്യാച്ചിലൂടെയും മടക്കി അയച്ചു.