എട്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യ-ഓസ്‌ട്രേലിയ എ ടീമുകളുടെ ഏകദിന പരമ്പരക്ക് കാണ്‍പൂരിലെ ചരിത്രപ്രസിദ്ധമായ ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയം ആതിഥേയത്വം വഹിക്കുമ്പോള്‍ ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ അധികൃതര്‍ക്കും ടൂര്‍ണമെന്റ് ഡയറക്ടര്‍ ഡോ. സഞ്ജയ് കപൂറിനും കാണികളെത്തുമോ എന്നതിനെ കുറിച്ച് വലിയ ധാരണയൊന്നുമില്ലായിരുന്നു. എന്നാല്‍ മൈതാനത്തിന്റെ ചരിത്രം തന്നെ മാറ്റിമറിക്കാന്‍ പോന്ന രൂപത്തിലേക്ക് പ്രാദേശിക ആരാധകര്‍ ഒഴുകിയതോടെ ലക്ഷകണക്കിന് രൂപയുടെ വരുമാനമുണ്ടാക്കാന്‍ പരമ്പരക്കായി. അര്‍ഷ്ദീപ് സിംഗും സംഘവും നിറഞ്ഞാടിയ അവസാന മത്സരത്തിന് മാത്രം 6,241 ടിക്കറ്റുകള്‍ വിറ്റഴിക്കപ്പെട്ടു. ഇത് വഴി യുപിസിഎയുടെ വരുമാനത്തിലേക്ക് മുതല്‍ക്കൂട്ടാനായത് 16.63 ലക്ഷം രൂപയാണ്. മൂന്ന് മത്സരങ്ങളിലായി ആകെ 13,227 ടിക്കറ്റുകള്‍ വിറ്റു. 33.66 ലക്ഷം രൂപയുടെ വരുമാനമാണ് അസോസിയേഷന്‍ ഉണ്ടാക്കിയത്.
മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യ എ ടീം ഓസ്‌ട്രേലിയ എ ടീമിനെതിരെ മിന്നും വിജയം നേടി. എട്ട് വര്‍ഷത്തിന് ശേഷമാണ് സ്റ്റേഡിയം പ്രധാനപ്പെട്ട മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്. 20,000-ത്തിലധികം കാണികള്‍ക്ക് കളി കാണാന്‍ കഴിയുന്ന സ്റ്റേഡിയം പവലിയനുകള്‍ മത്സരം തുടങ്ങുന്നതിന് മുമ്പ് തന്നെ ആരാധകരെക്കൊണ്ട് നിറഞ്ഞിരുന്നു.
പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യ എ ടീം ബൗളര്‍മാര്‍ ആധിപത്യം പുലര്‍ത്തി. അര്‍ഷ്ദീപ് സിംഗ് മികച്ച പ്രകടനം കാഴ്ചവച്ചു. ഓസ്‌ട്രേലിയ എ ടീമിന്റെ സ്‌കോറിംഗ് നിയന്ത്രിക്കുകയും നിര്‍ണായക നിമിഷങ്ങളില്‍ നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്ത താരം ബൗണ്ടറിക്കടുത്ത് ഭംഗ്ര നൃത്തം ചവിട്ടിയത് കാണികളെ ആവേശഭരിതരാക്കി. അനൗദ്യോഗിക ടീമുകള്‍ തമ്മിലുള്ള മത്സരങ്ങളായിരുന്നെങ്കിലും പ്രാദേശിക ആരാധകര്‍ വന്‍തോതില്‍ എത്തിയത് അന്താരാഷ്ട്ര മത്സരങ്ങളെ അനുസ്മരിപ്പിച്ചു.