ചെന്നൈ ∙ സ്കൂളിൽ സൗജന്യ പ്രഭാതഭക്ഷണത്തിന് വിളമ്പാൻ തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി ചേർത്ത സംഭവത്തിൽ ഒരാള്‍ പിടിയിൽ. തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലെ സർക്കാർ സ്കൂളിലാണ് സാമ്പാറിൽ ചാണകം കണ്ടെത്തിയത്. സംഭവത്തിൽ സ്കൂളിലെ മുൻ പാചകത്തൊഴിലാളിയുടെ ഭർത്താവായ അറുമുഖം പിടിയിലായി. ഭക്ഷണത്തിനു രുചി കുറഞ്ഞതിന്റെ പേരിൽ അറുമുഖത്തിന്റെ ഭാര്യയെ ജോലിയിൽനിന്നും നീക്കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തെ തുടർന്നാണ് സാമ്പാറിൽ ഇയാൾ ചാണകം കലർത്തിയത്. ഒരു വിദ്യാർഥിയുടെ സഹായത്തോടെയാണ് ഇയാൾ ചാണകപ്പൊടി സാമ്പാറിലിട്ടത്.
സ്കൂളിൽ വിദ്യാർഥികൾക്ക് ഭക്ഷണം വിളമ്പുന്നതിന് മുൻപ് അധ്യാപകർ കഴിച്ച് പരിശോധിക്കാറുണ്ട്. ഇങ്ങനെ രുചിച്ചപ്പോൾ പതിവില്ലാതെ സാമ്പാറിനു രുചിവ്യത്യാസം ശ്രദ്ധയിൽപ്പെട്ടു. കയ്പ് കൂടുതൽ തോന്നിയതിനാൽ വിദ്യാർഥികൾക്ക് വിളമ്പിയില്ല. എന്നാൽ അധ്യാപകർക്ക് രുചിക്കാൻ വേണ്ടി മാറ്റിവച്ച സാംപിളിൽ മാത്രമാണ് ചാണകപ്പൊടി കലർത്തിയതെന്ന് പൊലീസ് പരിശോധനയിൽ കണ്ടെത്തി. ഓഗസ്റ്റ് 29നാണ് ഈ സംഭവം ഉണ്ടായത്. എന്നാൽ സെപ്റ്റംബർ ഒന്നിനാണ് സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകിയത്






