കാക്കനാട് ∙ തൃക്കാക്കര ഭാരതമാത കോളജിലെ മോർഫിങ് കേസിൽ പിടിയിലായ രണ്ടാം വർഷ ബിബിഎ വിദ്യാർഥി എസ്.ശ്രീഹരി ഇരയാക്കിയവരിൽ കൂടുതലും അധ്യാപികമാർ. സഹപാഠികളായ പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്തതായി ഇതുവരെ പൊലീസിനു കണ്ടെത്താനായിട്ടില്ല.
റിമാൻഡ് റിപ്പോർട്ടിലും അധ്യാപികമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത കാര്യം മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളു. സഹപാഠികളായ ചില പെൺകുട്ടികളുടെ യഥാർഥ ചിത്രങ്ങൾ മോശമായ സൂചന നൽകും വിധം ടെലിഗ്രാം ആപ്പിൽ പോസ്റ്റ് ചെയ്തിരുന്നെങ്കിലും ഇതൊന്നും മോർഫ് ചെയ്തിട്ടില്ലെന്നാണ് കണ്ടെത്തൽ.
ശ്രീഹരി താമസിച്ചിരുന്ന മുറിയിലും പൊലീസ് പരിശോധന നടത്തി. മറ്റൊരു സ്ത്രീയുടെയും ചിത്രം മോർഫ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ടെലിഗ്രാം ഗ്രൂപ്പുകളിൽ മാത്രമാണ് മോർഫ് ചെയ്ത ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. നിലവിൽ ഇവയൊക്കെ നീക്കം ചെയ്ത നിലയിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അശ്ലീല സൂചന നൽകും വിധം പ്രത്യേക ആംഗിളുകളിൽ എടുത്ത ചിത്രങ്ങളാണ് സഹപാഠികളുടേതായി കണ്ടെത്തിയത്. ഇവയൊന്നും മോർഫ് ചെയ്തവയല്ല. ഇവയും അധ്യാപികമാരുടെ മോർഫ് ചെയ്ത ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്ന ഗ്രൂപ്പുകളെല്ലാം ആപ്പിൽ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ടു പലരെയും ഇന്നലെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു ചോദ്യം ചെയ്തു. ഭാരതമാത കോളജിലെ വിദ്യാർഥികളും പൂർവ വിദ്യാർഥികളും ശ്രീഹരിയുടെ സുഹൃത്തുക്കളും ഇതിലുൾപ്പെടും. ശ്രീഹരിയെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് നൽകിയ അപേക്ഷ കോടതി നാളെ പരിഗണിക്കും. തിരുവനന്തപുരം കിളിമാനൂർ സ്വദേശിയാണ് ശ്രീഹരി.







