Headlines

വീട് ജപ്തി ചെയ്തതിൽ മനംനൊന്ത് ഗൃഹനാഥൻ ജീവനൊടുക്കി; വീട് നിർമാണത്തിന് വായ്പ എടുത്തത് 25 ലക്ഷം

 

പുത്തൂർ (കൊല്ലം) ∙ വീട് ജപ്തി ചെയ്തതിൽ മനംനൊന്തു കഴിയുകയായിരുന്ന ഗൃഹനാഥനെ വീടിനു സമീപത്തെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പവിത്രേശ്വരം പഞ്ചായത്തിലെ എസ്എൻപുരം സത്യവാൻമുക്കിനു സമീപം രാഗേഷ് ഭവനിൽ സി.രവി (62) ആണു മരിച്ചത്. വെള്ളി വൈകിട്ട് ആറോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. രവിയുടെ ഭാര്യ ഗീതയുടെ പേരിലുള്ള ഏഴര സെന്റ് വസ്തുവിൽ വീട് നിർമിക്കുവാൻ മകൻ രാഗേഷ് കൊട്ടാരക്കരയിലെ സ്വകാര്യ ബാങ്കിൽ നിന്ന് 2022ൽ 25 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഈ വായ്പ പിന്നീട് മറ്റൊരു സ്വകാര്യ ബാങ്കിലേക്ക് മാറ്റി.

തിരിച്ചടവ് മുടങ്ങിയതോടെ കുടിശിക ഉൾപ്പെടെ തുക 28,91,091 രൂപയായി ഉയർന്നു. കഴിഞ്ഞ ജൂൺ 22ന് ബാങ്ക് വീട് ജപ്തി ചെയ്തു. രാഗേഷും അമ്മ ഗീതയും വാടകവീട്ടിലേക്കു മാറിയെങ്കിലും രവി വീടു മാറാൻ കൂട്ടാക്കാതെ ജപ്തി ചെയ്ത വീടിന്റെ സിറ്റൗട്ടിൽ തന്നെ കഴിയുകയായിരുന്നു. വായ്പയ്ക്ക് 20 വർഷത്തെ കാലാവധിയുണ്ടായിരുന്നെന്ന് രാഗേഷ് പറഞ്ഞു. ഇടയ്ക്ക് അമ്മയുടെ കൈക്ക് അസുഖം ബാധിച്ചതിനാൽ ചികിത്സയ്ക്ക് സാമ്പത്തികച്ചെലവുണ്ടായി. നിർമാണക്കരാർ മേഖലയിൽ പ്രവർത്തിക്കുന്ന രാഗേഷിനു ജോലിയും കുറഞ്ഞു. ഈ സമയം വായ്പയുടെ തിരിച്ചടവ് മുടങ്ങി. നാലര ലക്ഷം രൂപയോളം തിരിച്ചടച്ചിരുന്നുവെന്നും ഒരു വർഷത്തെ തവണ മുടങ്ങിയതോടെയാണ് കാലാവധിയുണ്ടായിട്ടും ബാങ്ക് അധികൃതർ വീട്ടിൽ നിന്നിറക്കിവിട്ടതെന്നും രാഗേഷ് പറഞ്ഞു.

എന്നാൽ, മുന്നറിയിപ്പു നൽകിയിട്ടും വായ്പ തിരിച്ചടയ്ക്കാത്തതിനാൽ ജപ്തിയല്ലാതെ മറ്റു മാർഗങ്ങളില്ലായിരുന്നെന്നും നിയമാനുസൃത നടപടികൾ മാത്രമാണ് സ്വീകരിച്ചതെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി. മുൻപ് കെഎസ്ആർടിസി എംപാനൽ ഡ്രൈവറായിരുന്ന രവി നിലവിൽ തൊഴിലുറപ്പ് ജോലി ചെയ്തു വരികയായിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം നടത്തി. മകൾ: രാഗി. മരുമകൻ: സുഭജ്.