തൃശൂര്‍ കുന്നംകുളത്തെ പൊലീസ് മൂന്നാംമുറയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിക്ക് നീക്കം. ഇന്ന് നടപടി പ്രഖ്യാപിച്ചേക്കും. അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞതിനേക്കാള്‍ ഭീകരമാണ് മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളെന്നാണ് ഉന്നതതല വിലയിരുത്തല്‍.
ക്രൂരമര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്ന പശ്ചാത്തലത്തില്‍ പൊലീസ് സേനയുടെ മുഖം രക്ഷിക്കുന്ന നടപടി ഉണ്ടാകണമെന്ന് പൊതുവികാരം. വിഷയത്തില്‍ അടിയന്തര പരിഹാരം വേണമെന്ന് സര്‍ക്കാരും ആവശ്യപ്പെട്ടു. ദ്രുതഗതിയില്‍ അച്ചടക്ക നടപടി പ്രഖ്യാപിച്ചു മുഖം രക്ഷിക്കാനാണ് സര്‍ക്കാരും നീക്കം നടത്തുന്നത്. വിഷയത്തില്‍ നിയമസാധ്യത കൂടി പരിശോധിച്ചാണ് നടപടിക്ക് ഒരുങ്ങുന്നത്.
പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചതിലും ഒത്തുകളിയുണ്ടെന്ന് ഇന്നലെ ആരോപണമുയര്‍ന്നിരുന്നു. കോടതി പ്രതിചേര്‍ത്ത സിപിഒ ശശിധരനെതിരെ പൊലീസ് അച്ചടക്ക നടപടി സ്വീകരിക്കാത്തതാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചത്. സുജിത്ത് വിഎസിനെ ശശിധരന്‍ മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ ഇല്ലെന്ന പേരിലായിരുന്നു നടപടി ഒഴിവാക്കിയത്. പൊലീസ് സ്റ്റേഷനിലേക്ക് എത്തുന്നതിനുമുന്‍പ് ഒറീന ജംഗ്ഷനില്‍ ജീപ്പ് നിര്‍ത്തി സിപിഒ ശശിധരന്‍ മര്‍ദ്ദിച്ചു എന്നായിരുന്നു സുജിത്ത് വിഎസിന്റെ ആരോപണം. ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ നടത്തിയ അന്വേഷണത്തില്‍ പുറത്തുവച്ച് ദേഹോപദ്രവം ഏല്‍പ്പിച്ചു എന്നത് സംഭവിക്കാന്‍ സാധ്യതയുള്ളതാണെന്ന് കണ്ടെത്തിയിരുന്നു. ശശിധരനെ നടപടികളില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്നുള്‍പ്പെടെ സുജിത്ത് ട്വന്റിഫോറിലൂടെ ആരോപിച്ചിരുന്നു.