Headlines

ഇന്ത്യയുമായുള്ള ബന്ധം എപ്പോഴും സ്‌പെഷ്യല്‍, മോദി ചെയ്യുന്ന ചില കാര്യങ്ങള്‍ ഇഷ്ടപ്പെടുന്നില്ല’; നിലപാട് മയപ്പെടുത്തി ട്രംപ്

ഇന്ത്യ-അമേരിക്ക ബന്ധം സവിശേഷമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി എപ്പോഴും സൗഹൃദത്തിലായിരിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്ന കാര്യങ്ങള്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യ ചൈനയ്‌ക്കൊപ്പം പോയെന്ന പരാമര്‍ശം ട്രംപ് തിരുത്തി. റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതില്‍ നിരാശനാണെന്നും വാര്‍ത്താ ഏജന്‍സിയോട് ട്രംപ് വ്യക്തമാക്കി. ഇന്ത്യയും റഷ്യയും ഇരുണ്ട ചൈനയുടെ പക്ഷത്തെത്തിയെന്നും അവര്‍ക്ക് ആശംസകള്‍ നേരുന്നുവെന്നും ട്രൂത്ത് സോഷ്യലില്‍ കുറിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ട്രംപ് ഇന്ത്യയുമായി എപ്പോഴും തങ്ങള്‍ സൗഹൃദത്തിലായിരിക്കുമെന്ന് വിശദീകരിച്ചിരിക്കുന്നത്.

ഇന്ത്യയുമായുള്ള അമേരിക്കയുടെ ആഴത്തില്‍ വേരുള്ള ബന്ധത്തിനെ തടുക്കാന്‍ ഒന്നിനുമാകില്ലെന്നാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. മോദി വളരെ നല്ല പ്രധാനമന്ത്രിയാണെന്നും ഈയൊരു പ്രത്യേക സമയത്ത് പ്രത്യേക വിഷയത്തില്‍ അദ്ദേഹം ചെയ്യുന്ന കാര്യങ്ങള്‍ ഇഷ്ടമാകുന്നില്ലെന്നേയുള്ളൂവെന്നും ട്രംപ് നിലപാട് മയപ്പെടുത്തി.

എന്നാല്‍ ഇതേസമയം തന്നെ ഇന്ത്യക്കെതിരെ കടുത്ത വിമര്‍ശനവുമായി യുഎസ് വാണിജ്യ സെക്രട്ടറി ഹോവാഡ് ലുട്‌നിക് രംഗത്തെത്തി. ഇന്ത്യ ക്ഷമ ചോദിച്ച് മടങ്ങിയെത്തുമെന്നാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. മോദിയുമായുള്ള ബന്ധം എങ്ങനെ വേണമെന്ന് ട്രംപ് തീരുമാനിക്കുമെന്നും ലുട്‌നിക് പറഞ്ഞു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തണമെന്നും അമേരിക്കെതിരെ പ്രവര്‍ത്തിച്ചാല്‍ അധിക തീരുവ തുടരുമെന്നും ലുട്‌നിക് മുന്നറിയിപ്പ് നല്‍കി.