Headlines

‘വയനാടിന്റെ പേരിൽ യൂത്ത് കോൺഗ്രസുകാർ പിരിച്ചു മുക്കി എന്നാണ് ചിലർ പറയുന്നത്; DYFI നിയമനടപടിയിലേക്ക് പോകുന്നത് ആലോചിക്കും’: വി കെ സനോജ്

വയനാടിന്റെ പേരിൽ യൂത്ത് കോൺഗ്രസുകാർ പിരിച്ചു മുക്കി എന്നാണ് ചിലർ പറയുന്നത്, നിയമനടപടിയിലേക്ക് ഉൾപ്പടെ പോകുന്നത് ആലോചിക്കുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. ഉത്തരവാദിത്തപ്പെട്ട യുവജന സംഘടന പണം പിരിച്ചു പറ്റിക്കുന്നത് ശരിയല്ല. ഇപ്പോൾ ഭൂമി വാങ്ങിയിട്ടുണ്ട് എന്നാണ് പറയുന്നത്. എവിടെയാണ് ഭൂമി എന്ന് പറയാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വയനാട് ദുരന്തം ഉണ്ടായിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. 25 വീടുകള്‍ നല്‍കുമെന്നാണ് ഡിവൈഎഫ്‌ഐ പ്രഖ്യാപിച്ചത്. 20 കോടി രൂപ സമാഹരിക്കാനായി .സര്‍ക്കാര്‍ കണക്ക് പ്രകാരം 100 വീടുകള്‍ നിര്‍മ്മിക്കാന്‍ കഴിയും. യൂത്ത് കോണ്‍ഗ്രസും 30 വീടുകള്‍ പ്രഖ്യാപിച്ചിരുന്നു. അവരുടെ വീടു പ്രതീക്ഷിച്ച് സര്‍ക്കാര്‍ വീട് വേണ്ട എന്ന് തീരുമാനിച്ചവര്‍ നിരവധിയാണ്. അവരോട് കൊടിയ വഞ്ചനയാണ് കോണ്‍ഗ്രസ് നടത്തിയതെന്നും വികെ സനോജ് പറഞ്ഞു. നാടിനെയാകെ ബാധിക്കുന്ന വിഷയമാണിത്. യൂത്ത് കോണ്‍ഗ്രസിന് പണം നല്‍കിയവര്‍ കേസ് കൊടുക്കുന്ന സാഹചര്യമുണ്ടായി.

യൂത്ത് കോണ്‍ഗ്രസിന്റെ വിവിധ കമ്മിറ്റികളില്‍ നിന്ന് ആളുകളെ സസ്പെന്‍ഡ് ചെയ്യുന്ന സാഹചര്യമുണ്ടായി. അക്കൗണ്ടില്‍ 88 ലക്ഷം രൂപയുണ്ട് എന്നാണ് പറയുന്നത്. അക്കൗണ്ട് മുഖാന്തരം മാത്രമാണോ പൈസ പിരിച്ചത്. ആളുകളില്‍ നിന്ന് പണം പിരിച്ചു തട്ടിപ്പ് നടത്തുന്നത് ഒരു യുവജന സംഘടനയ്ക്ക് ചേരുന്നതല്ല. ഇപ്പോള്‍ ഭൂമി വാങ്ങിയിട്ടുണ്ട് എന്നാണ് പറയുന്നത്. എവിടെയാണ് ഭൂമി എന്ന് പറയാന്‍ തയ്യാറാകണമെന്നും വി കെ സനോജ് പറഞ്ഞു.
രാജ്യത്തെ തൊഴിലില്ലായ്മക്കെതിരെ ഓഗസ്റ്റ് 15ന് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ സമര സംഗമം സംഘടിപ്പിക്കുമെന്ന് വികെ സനോജ് പറഞ്ഞു. ‘ഞങ്ങള്‍ക്ക് വേണം ജോലി, ഞങ്ങള്‍ക്ക് വേണം മതേതര ഇന്ത്യ’ എന്ന മുദ്രാവാക്യത്തില്‍ സംഘടിപ്പിക്കുന്ന സമര സംഘമത്തില്‍ ബിഎസ്എന്‍എലില്‍ ആളുകളെ പിരിച്ചു വിട്ടത് മൂലമുണ്ടായ പ്രതിസന്ധി, തിരുവനന്തപുരം വിമാനത്താവളത്തില്‍ അദാനിക്ക് താല്പര്യമുള്ളവര്‍ക്ക് മാത്രം ജോലി നല്‍കുന്നതിനെതിരെയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തും. നേരത്തെ പൊതു പരീക്ഷ വെച്ചാണ് ആളുകള്‍ക്ക് ജോലി നല്‍കിയിരുന്നത്.നിലവില്‍ അതല്ല അവസ്ഥയെന്നും വി കെ സനോജ് പറഞ്ഞു.