ആലുവയിൽ സെക്യൂരിറ്റി ജീവനക്കാരന് യൂത്ത് കോണ്‍ഗ്രസ് നേതാവിൽ നിന്ന് ക്രൂരമർദ്ദനമുണ്ടായി എന്ന വാർത്ത അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. അക്രമത്തെ ശക്തമായി അപലപിക്കുന്നു.
ഒരു എഴുപത്തിമൂന്നുകാരനാണ് യൂത്ത് കോൺഗ്രസ് സോഷ്യൽ മീഡിയ എറണാകുളം ജില്ലാ കോഡിനേറ്റർ കെ ബി ഇജാസിൽ നിന്ന് മർദ്ദനമേറ്റത് എന്ന് വാർത്തകളിൽ നിന്നറിഞ്ഞു.
ഇക്കാര്യത്തിൽ ശക്തമായ നിയമനടപടികൾ പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സെക്യൂരിറ്റി ജീവനക്കാർക്ക് ഇരിപ്പിടവും മറ്റ് സൗകര്യങ്ങളും ഉറപ്പാക്കണം എന്ന് നിർദ്ദേശിച്ച ആദ്യ സംസ്ഥാനമാണ് കേരളം. ഒരോ തൊഴിലാളിയെയും സർക്കാർ ചേർത്തുപിടിക്കുന്നു എന്നതിന്റെ ഉദാഹരണം ആണത്. ക്രിമിനലുകളെ നിലയ്ക്ക് നിർത്താൻ യൂത്ത് കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്നും മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം ആലുവയില്‍ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ചതില്‍ യൂത്ത് കോണ്‍ഗ്രസ്സ് നേതാവിനെതിരെ കേസ്. യൂത്ത് കോണ്‍ഗ്രസ്സ് സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ഇജാസിനെതിരെയാണ് കേസ്സെടുത്തത്. ആലുവയിലുളള സൂപര്‍മാര്‍ക്കറ്റിന്റെ സെക്യൂരിറ്റി ബാലകൃഷ്ണനാണ് മര്‍ദ്ദനമേറ്റത്. സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയ ഇജാസിനെ പറഞ്ഞു വിട്ടെന്നും പരാതി.
ഇന്നലെ വൈകുന്നേരമാണ് സംഭവം നടക്കുന്നത്. പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട വിഷയമാണ് തര്‍ക്കത്തിലേക്ക് കടന്നത്. കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലത്ത് ബൈക്ക് പാര്‍ക്ക് ചെയ്തത് ചോദ്യം ചെയ്യുകയും ബൈക്ക് മാറ്റാന്‍ ആവശ്യപ്പെട്ടതിനാണ് മര്‍ദിച്ചത് എന്നാണ് പരാതി.