ഇന്ത്യക്കുമേല്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ വീണ്ടും താരിഫ് വര്‍ധിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അന്താരാഷ്ട്ര മാധ്യമമായ സിഎന്‍ബിസിക്കു നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ വെല്ലുവിളി. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കുമേല്‍ നേരത്തേ പ്രഖ്യാപിച്ച 25 ശതമാനം താരിഫ് വര്‍ധിപ്പിക്കുമെന്ന് കഴിഞ്ഞദിവസം ട്രംപ് പ്രഖ്യാപിച്ചിരുന്നു. ആദ്യം പ്രഖ്യാപിച്ച 25 ശതമാനം ഓഗസ്റ്റ് ഏഴിന് നിലവില്‍ വരാനിരിക്കെയാണ് ഇപ്പോഴത്തെ വെല്ലുവിളി.
ഇന്ത്യ റഷ്യയില്‍ നിന്ന് ഊര്‍ജ്ജ ഉത്പന്നങ്ങള്‍ വാങ്ങുക മാത്രമല്ല, അത് വിറ്റ് വലിയ ലാഭമുണ്ടാക്കുന്നുണ്ടെന്നും സൂചിപ്പിച്ചാണ് ട്രംപ് നേരത്തെ
ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. സമൂഹ മാധ്യമ പോസ്റ്റിലൂടെയായിരുന്നു പ്രഖ്യാപനം. യുക്രെയിനില്‍ കൊല്ലപ്പെടുന്നവരെക്കുറിച്ച് ഇന്ത്യക്ക് ആശങ്കയില്ലെന്ന കുറ്റപ്പെടുത്തലും പോസ്റ്റിലുണ്ടായിരുന്നു.
ആഗോള ഊര്‍ജ്ജ വിപണി സ്ഥിരത ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയുടെ ഇറക്കുമതിയെ അമേരിക്ക സജീവമായി പ്രോത്സാഹിപ്പിച്ചിരുന്നു. ഇന്ത്യയെ വിമര്‍ശിക്കുന്ന രാജ്യങ്ങള്‍ തന്നെ റഷ്യയുമായി വ്യാപാരത്തില്‍ ഏര്‍പ്പെടുന്നുവെന്നും വിദേശകാര്യ മന്ത്രാലയം തിരിച്ചടിച്ചു.അമേരിക്കയ്ക്ക് ഇരട്ടത്താപ്പെന്നാണ് ഇന്ത്യയുടെ ശക്തമായ വിമര്‍ശനം. അമേരിക്ക ഇന്ത്യയെ ലക്ഷ്യമിടുന്നത് ന്യായീകരിക്കാനാകില്ല. ദേശീയ താത്പര്യം സംരക്ഷിക്കാന്‍ ഇന്ത്യക്ക് അറിയാമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.