റഷ്യയുമായി വ്യാപാര ബന്ധത്തിലേര്‍പ്പെട്ടിട്ട് ഇന്ത്യയെ കുറ്റപ്പെടുത്തുന്നു, അമേരിക്കയ്ക്ക് ഇരട്ടത്താപ്പ്’; ട്രംപിന് മറുപടിയുമായി ഇന്ത്യ

കൂടുതല്‍ താരിഫ് ചുമത്തുമെന്ന ഭീഷണി ഉന്നയിച്ചതിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മറുപടിയുമായി ഇന്ത്യ. യുക്രെയ്ന്‍ സംഘര്‍ഷത്തിന് ശേഷം റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്തതിന് അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഇന്ത്യയെ ലക്ഷ്യം വക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി. ആഗോള ഊര്‍ജ്ജ വിപണി സ്ഥിരത ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയുടെ ഇറക്കുമതിയെ അമേരിക്ക സജീവമായി പ്രോത്സാഹിപ്പിച്ചിരുന്നു. ഇന്ത്യയെ വിമര്‍ശിക്കുന്ന രാജ്യങ്ങള്‍ തന്നെ റഷ്യയുമായി വ്യാപാരത്തില്‍ ഏര്‍പ്പെടുന്നുവെന്നും വിദേശകാര്യ മന്ത്രാലയം തിരിച്ചടിച്ചു.

ഒന്നാം തീയതി പ്രാബല്യത്തില്‍ വന്ന ഇറക്കുമതി തീരുവക്ക് പുറമേ കൂടുതല്‍ താരിഫ് ചുമത്തുമെന്നാണ് ട്രംപിന്റെ പുതിയ ഭീഷണി. റഷ്യന്‍ ഊര്‍ജ ഉത്പന്നങ്ങള്‍ വാങ്ങുന്നത് തുടര്‍ന്നാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഇന്ത്യ റഷ്യയില്‍ നിന്ന് ഉത്പ്പന്നങ്ങള്‍ വാങ്ങി അത് വിറ്റ് വന്‍ ലാഭമുണ്ടാക്കുന്നുവെന്നാണ് ട്രംപിന്റെ ആരോപണം. റഷ്യ യുക്രൈനില്‍ എത്ര പേരെ കൊല്ലുന്നുവെന്ന് ഇന്ത്യ ചിന്തിക്കുന്നേയില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.

അമേരിക്കയ്ക്ക് ഇരട്ടത്താപ്പെന്നാണ് ഇന്ത്യയുടെ ശക്തമായ വിമര്‍ശനം. അമേരിക്ക ഇന്ത്യയെ ലക്ഷ്യമിടുന്നത് ന്യായീകരിക്കാനാകില്ല. റഷ്യയില്‍ നിന്ന് രാസവളങ്ങള്‍ ഉള്‍പ്പെടെ വാങ്ങുന്ന അമേരിക്കയാണ് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയെ വിമര്‍ശിക്കുന്നത്. ഇത് ഇരട്ടത്താപ്പാണ്. ദേശീയ താത്പര്യം സംരക്ഷിക്കാന്‍ ഇന്ത്യക്ക് അറിയാമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.