Headlines

രാഹുല്‍ ഗാന്ധിക്കെതിരായ സുപ്രീംകോടതി വിമര്‍ശനത്തിന് എതിരായ പരാമര്‍ശങ്ങള്‍: പ്രിയങ്കയ്‌ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കാന്‍ ബിജെപി

രാഹുല്‍ ഗാന്ധിക്കെതിരായ സുപ്രീംകോടതി നിരീക്ഷണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ പ്രിയങ്ക ഗാന്ധിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കാന്‍ ബിജെപി. പ്രിയങ്കാ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവും എംപിയുമായ മനന്‍ കുമാര്‍ മിശ്ര പ്രതികരിച്ചു.

മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തിയ അവര്‍ കോടതിയലക്ഷ്യമാണ് ചെയ്തത്. അതുകൊണ്ട് തന്നെ ഞങ്ങള്‍ പരാതി നല്‍കാന്‍ തീരുമാനിച്ചു. കോടതി എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നതെന്ന് മനസിലാക്കാതെയാണ ഇത്രയും നിരുത്തരവാദപരമായ പ്രസ്താവനകള്‍ അവര്‍ നടത്തുന്നത്. ഇത്തരം പ്രസ്താവനകള്‍ പൊതുജനങ്ങള്‍ സഹിക്കില്ല – മനന്‍ കുമാര്‍ മിശ്ര പറഞ്ഞു.

യഥാര്‍ത്ഥ ഇന്ത്യക്കാരനെങ്കില്‍ ഇത്തരം പ്രസ്താവന നടത്തില്ലെന്ന രാഹുല്‍ ഗാന്ധിക്കെതിരായ സുപ്രീംകോടതി വിമര്‍ശനത്തില്‍ പ്രതികരണവുമായി പ്രിയങ്ക രംഗത്തെത്തിയിരുന്നു. ആരാണ് യഥാര്‍ത്ഥ ഇന്ത്യക്കാരന്‍ എന്ന് തീരുമാനിക്കേണ്ടത് സുപ്രീംകോടതി ജഡ്ജിമാരുടെ പരിധിയില്‍ വരുന്നതല്ലെന്നാണ് പ്രിയങ്ക പറഞ്ഞത്.
സുപ്രീംകോടതി ജഡ്ജിമാരോട് എല്ലാ ബഹുമാനവുമുണ്ട്. എന്നാല്‍ ആരാണ് യഥാര്‍ഥ ഇന്ത്യാക്കാരനെന്ന് അവര്‍ തീരുമാനിക്കേണ്ട. നമ്മുടെ സേനയെ വളരെ ബഹുമാനത്തോടെ കാണുന്ന രാഹുല്‍ഗാന്ധി, ഒരിക്കലും സൈന്യത്തിനെതിരെ പറയില്ല. രാഹുലിന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു- പ്രിയങ്കഗാന്ധി പറഞ്ഞു.