തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെതിരെ കേസെടുത്തു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. മുരളീധരന്റെ പരാമര്‍ശത്തിനെതിരെ മേയര്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.
മേയര്‍ക്ക് സൗന്ദര്യമുണ്ടെങ്കിലും വായില്‍നിന്ന് വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനെക്കാള്‍ ഭയാനകമാണെന്നായിരുന്നു മുരളീധരന്റെ പരാമര്‍ശം. ‘ഇതൊക്കെ ഒറ്റ മഴയത്ത് കിളിര്‍ത്തതാണ്. മഴ കഴിയുമ്പോഴേക്കും തീരും. ഇങ്ങനെയുള്ള ഒരുപാട് പേരെ ഈ നഗരസഭ കണ്ടിട്ടുണ്ട്.’ ഇങ്ങനെയാണ് മുന്നോട്ടുപോകുന്നതെങ്കില്‍ മേയറെ നോക്കി ‘കനകസിംഹാസനത്തില്‍…’ എന്ന് തുടങ്ങുന്ന പാട്ട് പാടേണ്ടിവരുമെന്നുമാണ് മുരളീധരന്‍ പറഞ്ഞത്.
തിരുവനന്തപുരം മേയറെ കുറിച്ച് കെ മുരളീധരന്‍ എംപി നടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും തരംതാണതുമാണെന്ന് സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.