സാങ്കേതിക സർവകലാശാലയിൽ പ്രതിസന്ധിയ്ക്ക് മാറ്റമില്ല. ക്വാറം തികയാതെ ഫിനാൻസ് കമ്മിറ്റി യോഗം നടക്കാത്തതിനാൽ ജീവനക്കാരുടെ ശമ്പളവും, പെൻഷനും ഇനിയും വൈകും. കഴിഞ്ഞ 2 മാസമായി ജീവനക്കാരുടെ പെൻഷനും ഈ മാസത്തെ ശമ്പളവും വിതരണം ചെയ്യാൻ സാധിച്ചിട്ടില്ലെന്ന് വൈസ് ചാൻസലർ ഡോ. കെ ശിവപ്രസാദ് ട്വന്റിഫോറിനോട് പ്രതികരിച്ചു.പണം കൈവശമുണ്ടെങ്കിലും നിത്യചിലവിന് പോലും പണം എടുക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. വാഹനങ്ങളിൽ അടിക്കാനുള്ള ഇന്ധനം വാങ്ങാനുള്ള പണംപോലും ഇല്ല ഡ്രൈവർമാരുടെ നിയമനവും പാതി വഴിയിൽ നിന്നുപോയിരിക്കുകയാണ് . പല വാഹനങ്ങളുടെയും ഇൻഷുറൻസ് തീർന്നു. ബജറ്റ് പാസാക്കാതെ പണം ചെലവഴിക്കാൻ കഴിയില്ലെന്നും ചാൻസലർക്ക് റിപ്പോർട്ട് നൽകുമെന്നും വൈസ് ചാൻസലർ കെ ശിവപ്രസാദ് ട്വന്റി ഫോറിനോട് പറഞ്ഞു.
സാങ്കേതിക സർവകലാശാലയിൽ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ ആയിരുന്നു വൈസ് ചാൻസലർ ഇന്ന് ഫിനാൻസ് കമ്മിറ്റി വിളിച്ചത്.15 പേർ അടക്കുന്ന കമ്മിറ്റിയിൽ പങ്കെടുക്കാൻ എത്തിയത് നാലുപേർ മാത്രം. ഇതോടെ ശമ്പളവും പെൻഷനും ഇനിയും വൈകുമെന്ന് ഉറപ്പായി.
കോഴ്സുകൾ വിജയിച്ച കുട്ടികൾക്ക് സർട്ടിഫിക്കറ്റ് അച്ചടിക്കാൻ പോലും പണം ചെലവഴിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഡിജിറ്റൽ സർവകലാശാല സ്ഥിരം വിസി നിയമനത്തിന് സെർച്ച് കമ്മിറ്റി രീതി മാറ്റാൻ സർക്കാർ തീരുമാനിച്ചു. അക്കാദമിക് വിദഗ്ധരെ ഉൾപ്പെടുത്തിയാകും സെർച്ച് കമ്മിറ്റി. ഇതിൻറെ കരട് ഓർഡിനൻസ് മന്ത്രിസഭ അംഗീകരിച്ചു.