കൊച്ചി: മൊഫിയ പര്‍വീണ്‍ ആത്മഹത്യാക്കേസില്‍ സമരം ചെയ്ത കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ നടത്തിയ തീവ്രവാദ പരാമര്‍ശങ്ങള്‍ പൊലീസ് പിന്‍വലിച്ചു. റിപ്പോര്‍ട്ട് തയ്യാറാക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പിഴവ് സംഭവിച്ചതാണെന്നും പരാമർശം തിരുത്താന്‍ അനുവദിക്കണമെന്നും കാട്ടി പൊലീസ് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ലഭിച്ചു.
മൊഫിയ പര്‍വീണിന്‍റെ ആത്മഹത്യാക്കേസില്‍ തെറ്റുതിരുത്തല്‍ പരമ്പരയിലാണ് ആലുവ പൊലീസ്. ഒരു സിഐയും രണ്ട് എസ് ഐമാരും ഇതുവരെ സസ്പെന്‍ഷനിലായി. ആലുവ പൊലീസ് സ്റ്റേഷനുള്ളില്‍ കോൺഗ്രസ് നടത്തിയ മൂന്ന് ദിവസത്തെ സമരത്തിനിടെ അക്രമസംഭവങ്ങള്‍ അരങ്ങേറി. ഇതുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ചതിന് കേസെടുത്തു. പ്രാദേശിക കോൺഗ്രസ് നേതാക്കളായ അല്‍ അമീന്‍,നജീബ്, അനസ് എന്നിവരെ കേസില്‍ അറസ്റ്റ് ചെയ്തു . ഇവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള റിമാന്‍ഡ‍് റിപ്പോർട്ടിലാണ് പ്രതികള്‍ക്ക് തീവ്രവാദ ബന്ധം സംശയിക്കുന്നുവെന്ന് പൊലീസ് ആദ്യം റിപ്പോര്‍ട്ട് സമർപ്പിച്ചത്.