Headlines

മറക്കാനാകാത്ത സംഘാടന മികവ്; സുരേഷ് കൽമാഡി വിട വാങ്ങുമ്പോൾ

സ്‌പോർട്‌സ് സംഘാടകർക്കിടയിൽ സുരേഷ് കൽമാഡി എന്നും വ്യത്യസ്തനായിരുന്നു. പുനെ ദേശീയ ഗെയിംസിന് കാട്ടിനുള്ളിൽ താരങ്ങൾക്കും മറ്റുമായി ബിരിയാണി സദ്യ ഒരുക്കിയത് അതിലൊന്നു മാത്രം. അധികമാരും ശ്രദ്ധിക്കാതിരുന്ന അത്‌ലറ്റിക്‌സിനെ ഗ്ലാമർ ഇനമാക്കി. അത്‌ലറ്റിക് മീറ്റുകൾ കൽമാഡി ഷോകൾ ആയത് യാദൃശ്ചികം . ‘ഷോമാൻ’ ഒടുവിൽ ഗ്ലാമർ ഇല്ലാതെ യാത്രയായി. ഇന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 81 വയസ് ആയിരുന്നു.കർണാടകയിലെ കൂർഗിലെ കൽമാഡി ഗ്രാമത്തിൽ നിന്ന് വായുസേനയിൽ പൈലറ്റ് ആയ സുരേഷ് ആദ്യം സഞ്ജയ് ഗാന്ധിയുടെയും പിന്നീട് രാജീവ് ഗാന്ധിയുടെയും വിശ്വസ്തനായി. ശരത് പവാറിനും പ്രിയപ്പെട്ടവനായി. പിന്നീട് സ്‌പോർട്‌സ് സംഘാടകനായി. രാജ്യസഭയിലും ലോക്‌സഭയിലും എത്തി. റെയിൽവേ സഹമന്ത്രിയായിരിക്കെ അർജുന അവാർഡ് ജേതാക്കൾക്ക് ട്രെയിൻ യാത്ര സൗജന്യമാക്കി. അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും ഏഷ്യൻ അത്‌ലറ്റിക് അസോസിയേഷന്റെയും പ്രസിഡന്റായി. ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ സാരഥിയായി. ആദ്യം ശിവന്തി ആദിത്യനോട് മൂന്നു വോട്ടിനു തോറ്റെങ്കിലും പിന്നീട് ഐ.ഒ.എ കൈപ്പിടിയിലാക്കി. ആഫ്രോ – ഏഷ്യൻ ഗെയിംസ് നടത്തി. വിദേശ താരങ്ങളെ എത്തിച്ച് പെർമിറ്റ് മീറ്റുകൾ സംഘടിപ്പിച്ചു. അത്‌ലറ്റിക്‌സിന് പ്രായോജകരെ കണ്ടെത്താനും കൽമാഡിക്ക് കഴിഞ്ഞു. ഒടുവിൽ 2010ലെ ന്യൂഡൽഹി കോമൺവെൽത്ത് ഗെയിംസിന്റെ സംഘാടക സമിതിയുടെ ചുക്കാൻ പിടിച്ചതോടെ കഷ്ടകാലം തുടങ്ങി. കോമൺവെൽത്ത് ഗെയിംസ് വേളയിൻ കൽമാഡിയെ കാണികൾ കൂകിവിളിച്ചതും കണ്ടു.