Headlines

കോമൺ വെൽത്ത് ഗെയിംസിന് വേദിയാകാൻ ഇന്ത്യ; ഔദ്യോഗിക പ്രഖ്യാപനം ആയി

2030 കോമൺവെൽത്ത് ഗെയിംസ് ഇന്ത്യയിൽ. ഗ്ലാസ്കോയിലെ കോമൺ‌വെൽത്ത് സ്‌പോർട്‌സ് ജനറൽ അസംബ്ലിയിലാണ് പ്രഖ്യാപനം. അഹമ്മദാബാദാണ് വേദിയാകുന്നത്. സർദാർ വല്ലഭായ് പട്ടേൽ സ്‌പോർട്‌സ് എൻക്ലേവിലാണ് ഗെയിംസ് നടക്കുക. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇന്ത്യ കോമൺ വെൽത്ത് ഗെയിംസിന് വേദിയാകുന്നത്.

2010 ലാണ് ഇന്ത്യ ഇതിനുമുമ്പ് കോമൺവെൽത്ത് ഗെയിംസിന് ആതിഥേയരായത്. കോമൺവെൽത്ത് ഗെയിംസിന്റെ നൂറാം പതിപ്പെന്ന പ്രത്യേകത കൂടിയുണ്ട് 2030 ഗെയിംസിന്. കോമൺ‌വെൽത്ത് സ്‌പോർട്‌സ് ഇവാലുവേഷൻ കമ്മിറ്റി മേൽനോട്ടം വഹിച്ച വിശദമായ പ്രക്രിയയെ തുടർന്നാണ് അഹമ്മദാബാദിനെ ശുപാർശ ചെയ്തിരുന്നത്. 1930-ൽ കാനഡയിലെ ഹാമിൽട്ടണിൽ നടന്ന ഉദ്ഘാടന പരിപാടിയുടെ ശതാബ്ദി ആഘോഷിക്കുന്ന ഗെയിംസാണ് 2030ൽ നടക്കുന്നത്.

2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനും ഇന്ത്യ നീക്കങ്ങൾ നടത്തുന്നുണ്ട്. ഉദ്ദേശ്യപത്രം ഇതിനകം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് ഇന്ത്യ സമർപ്പിച്ചിട്ടുണ്ട്. 2036-ൽ ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ രാജ്യം ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി വേദികളിൽ പറഞ്ഞിട്ടുണ്ട്.