Headlines

‘വികസനത്തിന്റെ പേരിൽ ജനങ്ങളെ ചതിക്കുന്ന കാഴ്ച്ച, വട്ടിയൂർക്കാവിൽ പദ്ധതികൾ പാതി വഴിയിൽ’; വി കെ പ്രശാന്ത് എംഎൽഎക്കെതിരെ ജി. കൃഷ്ണകുമാർ

വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി ബിജെപി നേതാവ് ജി കൃഷ്ണകുമാർ. വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതി സംസ്ഥാന സർക്കാരിന്റെ അനാസ്ഥയിൽ വഴിമുട്ടി നിൽക്കുന്നു. ഈ പദ്ധതിയുടെ പേരിൽ കുടിയിറക്കപ്പെട്ടവരെയും വ്യാപാരം നഷ്ടപ്പെട്ടവരെയും ചതിക്കുന്ന കാഴ്ച്ചയാണ് ഇന്ന് കാണുന്നതെന്നും കൃഷ്ണകുമാർ തന്റെ ഫേസ്ബുക്ക് വിഡിയോയിൽ പറയുന്നു.വട്ടിയൂർക്കാവ് ജംഗ്ഷനും പരിസരത്തുള്ള പ്രധാനപ്പെട്ട മൂന്ന് റോഡുകളും അന്താരാഷ്ട്ര നിലവാരത്തിൽ വികസിപ്പിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. വികസനത്തിനായി ബജറ്റിൽ കിഫ്‌ബി വഴി 800 കോടി രൂപയുടെ ഭരണാനുമതിയുമുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ ഭൂമി ഏറ്റെടുത്ത് നിർമാണം തുടങ്ങുമെന്നാണ് വട്ടിയൂർക്കാവ് എംഎൽഎ നൽകിയ വാഗ്‌ദാനം.

വ്യാപാര സ്ഥാപനങ്ങൾ നഷ്ടപ്പെടുന്നവർക്ക് ആധുനിക രീതിയിലുള്ള പുനരധിവാസ പാക്കേജ്. വട്ടിയൂർകാവിനെ നഗരത്തിലെ മികച്ച സാറ്റലൈറ്റ് ടൗൺഷിപ്പ് ആക്കി മറ്റും എന്നൊക്കെയായിരുന്നു വാഗ്‌ദാനം. എന്നാൽ നിലവിലെ അവസ്ഥ ദയനീയമാണ്. വ്യാപരികളോടുള്ള വഞ്ചന. വ്യാപാരികളെ സർക്കാർ പാതി വഴിയിൽ ഉപേക്ഷിച്ചു.

കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയെങ്കിലും അർഹമായ നഷ്ടപരിഹാരമോ പകരം സംവിധാനമോ ഒരുക്കാതെ വ്യാപാരികളെ വഴിയാധാരമാക്കി. 100 കണക്കിന് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. ഇവരെ സഹായിക്കാൻ എംഎൽഎയുടെ ഭാഗത്ത് നിന്ന് ഒരു സഹായവയും ഉണ്ടായിട്ടില്ലെന്നും കൃഷ്ണകുമാർ ആരോപിച്ചു.

വികസനത്തിന് മതിയായ സമയം ഉണ്ടായിട്ടും ഇന്നും വട്ടിയൂർക്കാവ് ജങ്ക്ഷൻ പൊടി പടലങ്ങളിലും കുഴികളിലും അമർന്ന് കിടക്കുകയാണ്. ഇനിയും ജനങ്ങളെ വിഢികളാകാനാണ് തീരുമാനമെങ്കിൽ ഈ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ മറുപടിയെ നേരിടാൻ എംഎൽഎയും പാർട്ടിയും തയാറായിക്കൊള്ളൂവെന്നും ജെ കൃഷ്ണകുമാർ മുന്നറിയിപ്പ് നൽകി.

അതേസമയം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ച് നടനും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാർ രംഗത്തെത്തിയിരുന്നു. വട്ടിയൂർകാവിൽ മത്സരിക്കാനാണ് ആഗ്രഹമെന്നും തന്‍റെ പ്രവർത്തനമണ്ഡലം വട്ടിയൂർക്കാവാണെന്നുമാണ് കൃഷ്ണകുമാർ പറയുന്നത്.പാർട്ടി തീരുമാനം എന്തായാലും അനുസരിക്കും.

25 കൊല്ലമായി താൻ താമസിക്കുന്നത് വട്ടിയൂർക്കാവ് മണ്ഡലത്തിലാണെന്നും കൃത‍്യമായ കണക്കുകൂട്ടലിലാണ് പാർട്ടി ഓരോ വ‍്യക്തികൾക്കും മണ്ഡലം നൽകിയിരിക്കുന്നതെന്നും കൂട്ടിച്ചേർത്തു.പാർട്ടി എവിടെ നിൽക്കാൻ പറഞ്ഞാലും താൻ അനുസരിക്കുമെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ടു വിഹിതം ഉയർത്താൻ തനിക്ക് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.