കേരളം നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിലേക്ക് വഴിമാറുകയാണ്. സ്ഥാനാര്‍ഥി നിര്‍ണയം, സീറ്റ് വിഭജനം തുടങ്ങിയ ചര്‍ച്ചകളിലേക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വഴിമാറി. തദ്ദേശതിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പുകൂടി വന്നത് രാഷ്ട്രീയ കാലാവസ്ഥയ്ക്ക് കൂടുതല്‍ ചൂടുപകരുകയാണ്.
തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റത്തിന്റെ ആത്മവിശ്വാസത്തിലാണ് യു ഡി എഫ്. കേരളത്തില്‍ ഭരണം തിരിച്ചുപിടിക്കുകയെന്ന എ ഐ സി സിയുടെ നിര്‍ദേശം നടപ്പാക്കാനായി അരയും തലയും മുറുക്കി കോണ്‍ഗ്രസ് രംഗത്തിറങ്ങിയിരിക്കയാണ്.കഴിഞ്ഞ രണ്ടുദിവസങ്ങളായി വയനാട് നടന്ന ലക്ഷ്യ ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ നിന്നും ഐക്യസന്ദേശം ഉയര്‍ന്നതോടെ ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിലേക്ക് നേതാക്കളും പ്രവര്‍ത്തകരും നീങ്ങുകയാണ്. സ്ഥാനാര്‍ഥി നിര്‍ണയം തര്‍ക്കങ്ങളില്ലാതെ പരിഹരിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കുന്നത്. സീറ്റു വിഭജനവും തര്‍ക്കങ്ങളില്ലാതെ പൂര്‍ത്തിയാക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്കെട്ടായി പറയുന്നത്.
ശബരിമല സ്വര്‍ണക്കൊള്ളതന്നെയാണ് സി പി ഐ എമ്മിനെതിരെയുള്ള കോൺഗ്രസിന്റെ പ്രധാന ആയുധം. തദ്ദേശ തിരഞ്ഞെടുപ്പില്‍ ശബരിമല സ്വര്‍ണക്കൊള്ള ഒരു പ്രധാന പ്രചരാണയുധമായിരുന്നു. പോറ്റിയെ കേറ്റിയേ… എന്നു തുടങ്ങുന്ന പാരഡിഗാനം ഭരണ കക്ഷിയായ ഇടത് മുന്നണിയെ പ്രതികൂലമായി ബാധിച്ചുവെന്നാണ് സി പി ഐ എം വിലയിരുത്തല്‍. ശബരിമല തിരിച്ചടിക്ക് കാരണമായില്ലെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തിയിരുന്നുവെങ്കിലും ‘ പോറ്റിയെ കേറ്റിയെ..’ എന്ന പാരഡി ഗാനം തിരിച്ചടിക്ക് വഴിയൊരുക്കിയെന്നുതന്നെയാണ് നേതാക്കളുടെ വിലയിരുത്തല്‍. പോറ്റി പാട്ട് പങ്കുവച്ചവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതും ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്.
മുഖ്യമന്ത്രിക്കൊപ്പം ഉണ്ണികൃഷ്ണന്‍ പോറ്റി നില്‍ക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചതിന് കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രഹ്‌മണ്യനെ പൊലീസ് അറസ്റ്റു ചെയ്തതും ഇതേ കാരണത്താലായിരുന്നു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റി കോണ്‍ഗ്രസ് നേതാവായ സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ച ഫോട്ടോ പുറത്തുവന്നതോടെ സി പി ഐ എം നേതാക്കള്‍ ഇതൊരു ആയുധമാക്കിയിരിക്കയാണ്. യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്ന വാര്‍ത്തയും സി പി ഐ എമ്മിന് കച്ചിത്തുരുമ്പാണ്.
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സി ബി ഐ അന്വേഷണത്തിനുള്ള ശിപാര്‍ശയും സി പി ഐ എം പ്രധാന ആയുധമാക്കും. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശത്തുനിന്നും ഫണ്ട് സ്വീകരിച്ചെന്ന പരാതിയില്‍ സംസ്ഥാന വിജിലന്‍സാണ് സി ബി ഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തിരിക്കുന്നത്. മണപ്പാട്ട് ഫൗണ്ടേഷന്റെ പേരില്‍ നടന്ന ഫണ്ട് പിരിവ് പ്രധാന പ്രചരാണായുധമാക്കാനാണ് സി പി ഐ എം നീക്കം. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെയുയര്‍ന്ന പ്രധാന ആരോപണം രാഹുല്‍ മാങ്കൂട്ടവുമായി ബന്ധപ്പെട്ട ലൈംഗികചൂഷണമായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പോടെ ഈ കേസിന്റെ ചൂട് നഷ്ടപ്പെട്ടിരിക്കയാണ്. പത്തുവര്‍ഷം മുന്‍പ് കേരളത്തില്‍ ഏറെ വിവാദമായിരുന്നത് സോളാര്‍ കേസായിരുന്നു. കോണ്‍ഗ്രസ് നേതാക്കളെ ആകെ പ്രതിരോധത്തിലാക്കിയ കേസായിരുന്നു സോളാര്‍ നായികയുടെ ആരോപണവും ലൈംഗിക പീഡന പരാതികളും. അഞ്ചു വര്‍ഷം മുന്‍പ് കേരളത്തെ പ്രകമ്പനം കൊള്ളിച്ച മറ്റൊരു കേസ് നയതന്ത്ര ബാഗേജ് വഴി കേരളത്തിലേക്ക് സ്വര്‍ണം കടത്തിയ കേസായിരുന്നു. ഒപ്പം സോളാര്‍ കേസ് വീണ്ടും കത്തിപ്പിടിച്ചു.
രണ്ട് വര്‍ഷം മുന്‍പ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിവാദ വിഷയം കരിമണല്‍ കോഴയും നോക്കുകൂലിയുമായിരുന്നു. ഒപ്പം കരിവണ്ണൂര്‍ സഹകരണ ബാങ്കിലെ കൊള്ളയും ചര്‍ച്ചയായി. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്‌സാലോജിക്കിന് കരിമണല്‍ കര്‍ത്തയുടെ കമ്പനിയായ സി എം ആര്‍ എല്‍ ചെയ്യാത്ത ജോലിക്ക് കൂലിയായി ലക്ഷങ്ങള്‍ നല്‍കിയെന്നായിരുന്നു. എസ് എഫ് ഐ ഒയും ഇഡിയും അന്വേഷിച്ച കേസ്. സി പി ഐ എമ്മിനെ ഏറെ പ്രതിരോധത്തിലാക്കിയ എസ് എഫ് ഐ ഒയുടെ അന്വേഷണം ഇപ്പോഴും കേന്ദ്രസര്‍ക്കാരിന്റെ പക്കല്‍ ഒളിഞ്ഞു കിടക്കുകയാണ്. തിരഞ്ഞെടുപ്പില്‍ ആരൊക്കെ സ്ഥാനാര്‍ഥിയാവുമെന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ സജീവം. സ്ഥാനാര്‍ഥിയാവാന്‍ സാധ്യതയുള്ളവരുടെ വലിയൊരു പട്ടികതന്നെ മാധ്യമങ്ങളില്‍ സ്ഥാനം പിടിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി വിവാദങ്ങളും വരും ദിവസങ്ങളില്‍ ഉയരാന്‍ സാധ്യതയുണ്ട്.







