കര്‍ണാടകയ്ക്കും ഗുജറാത്തിനും പിന്നാലെ മഹാരാഷ്ട്രയിലും കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. മുംബൈയിലെ കല്ല്യാണ്‍ ഡോംബിവാലി മുന്‍സിപ്പല്‍ പ്രദേശത്ത് ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ ആളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി.
കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് ഇന്ത്യ 38000 കോടി രൂപയുടെ പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്തെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി. രാജ്യത്തെ എംഎസ്എംഇകള്‍ ഗവേഷണത്തിനും വികസനത്തിനും പ്രാധാന്യം നല്‍കണമെന്നും അതിലൂടെ രാജ്യത്തിനും നേട്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ടെക്നോളജിയും പുതിയ ഉല്‍പ്പന്നങ്ങളും എംഎസ്എംഇകള്‍ കൊണ്ടുവരണം. 12,000 എംഎസ്എംഇകള്‍ പ്രതിരോധ വ്യവസായത്തിലേക്ക് കടന്നുവന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ഉണ്ടാവുന്നത് വരെ കര്‍ഷക സമരം തുടരാന്‍ തീരുമാനം. കിസാന്‍ സംയുക്ത മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്.
കേരളത്തില്‍ കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലെന്ന് കെ സി വേണുഗോപാല്‍. പാര്‍ട്ടിയാണ് വലുത്. അതിനപ്പുറം മറ്റൊന്നുമില്ല. കേരളത്തില്‍ കോണ്‍ഗ്രസ് പൂര്‍വ്വാധികം ശക്തിയോടെ മടങ്ങിവരും. കെ സുധാകരനും വി ഡി സതീശനും പാര്‍ട്ടിയെ നയിക്കുന്നത് മുതിര്‍ന്ന നേതാക്കളുടെ അനുഗ്രഹങ്ങളോടെയാണ്. തീയില്‍ കുരുത്ത പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്നും വെയിലേറ്റാല്‍ വാടില്ലെന്നും വേണുഗോപാല്‍ പറഞ്ഞു. സാമ്പത്തിക നയങ്ങളെ തകര്‍ത്തെറിയുന്ന പ്രക്രിയയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്നും കേന്ദ്ര നയങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തുമെന്നും വേണുഗോപാല്‍ പറഞ്ഞു. ഇന്ധന വില കൂടുമ്പോള്‍ സന്തോഷിക്കുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.
റോഡുകളുടെ ശോചനീയ അവസ്ഥയില്‍ മഴയെ പഴിച്ചാല്‍ ചിറാപുഞ്ചിയില്‍ റോഡുകളേ ഉണ്ടാകില്ലെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി നടന്‍ ജയസൂര്യ. മനസ്സില്‍ തോന്നുന്നത് വേദിയില്‍ പറയട്ടേ എന്ന് മന്ത്രിയോട് ചോദിച്ച ശേഷമാണ് താന്‍ അഭിപ്രായം പറഞ്ഞതെന്ന് ജയസൂര്യ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. കാര്യങ്ങള്‍ തുറന്ന് പറയുന്ന ആളായതിനാലാണ് പരിപാടിക്ക് ക്ഷണിച്ചതെന്ന് മന്ത്രി തന്നോട് പറഞ്ഞുവെന്നും ജയസൂര്യ വ്യക്തമാക്കി. നാടിന് മാറ്റം വരണം എന്ന് ആഗ്രഹിച്ച് പ്രവര്‍ത്തിക്കുന്ന മന്ത്രിയാണ് റിയാസ്. അദ്ദേഹം നമ്മുടെ ശബ്ദം കേള്‍ക്കുന്ന, അതിനു മൂല്യം കൊടുക്കുന്ന മന്ത്രിയാണ്. എനിക്കഭിമാനമുണ്ട് അദ്ദേഹത്തിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനത്തില്‍ . പ്രതീക്ഷയുണ്ട് ഇനി വരുന്ന പ്രവര്‍ത്തനങ്ങളില്‍ – ജയസൂര്യ കുറിച്ചു.
വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിട്ട വിഷയത്തില്‍ നിലപാട് ഏകകണ്ഠമെന്ന് സമസ്ത. ഇക്കാര്യത്തില്‍ സംഘടനയില്‍ ആശയക്കുഴപ്പമില്ലെന്നും, മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
സ്‌കൂളുകളില്‍ ഈ മാസം 13 മുതല്‍ യൂണിഫോം നിര്‍ബന്ധമാക്കും. ബസ് കണ്‍സഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ ആശയക്കുഴപ്പം ഇല്ലാതാക്കാനാണിതെന്നു മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. ഭിന്നശേഷി വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്പെഷല്‍ സ്‌കൂളുകളും ഹോസ്റ്റലുകളും എട്ടിനു തുറക്കും. പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷിക്കാര്‍ക്കും സ്‌കൂളുകളില്‍ എത്താം.
കടയ്ക്കാവൂര്‍ പോക്സോ കേസില്‍ പ്രതിയായ അമ്മയെ കുറ്റവിമുക്തയാക്കി. പതിമൂന്നുകാരനായ മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് കാട്ടി അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. കേസ് നടപടികള്‍ കോടതി അവസാനിപ്പിച്ചു. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി കെ വി രജനീഷിന്റെതാണ് ഉത്തരവ്.
ഗായകന്‍ തോപ്പില്‍ ആന്റോ അന്തരിച്ചു. കൊച്ചി ഇടപ്പള്ളിയിലെ വീട്ടില്‍ വച്ചാണ് അന്ത്യം. 81 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. നാടകഗാനങ്ങളിലൂടെയാണ് തോപ്പില്‍ ആന്റോ പ്രശസ്തനായത്. സിനിമകളിലും പാടിയിട്ടുണ്ട്.
ഒമിക്രോണ്‍ ബാധിച്ച ദക്ഷിണാഫ്രിക്കന്‍ സ്വദേശി ഇന്ത്യ വിട്ട സംഭവത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ദക്ഷിണാഫ്രിക്കന്‍ സ്വദേശി പ്രോട്ടോക്കോള്‍ ലംഘിച്ചെന്നും ആരോഗ്യ വകുപ്പ് കണ്ടെത്തി. നിരീക്ഷണത്തിലിരിക്കേ പുറത്തുപോയി നിരവധി പേരുമായി ഇയാള്‍ ബന്ധപ്പെട്ടു. ആരോഗ്യ വകുപ്പിനെ കമ്പളിപ്പിച്ചാണ് ദുബൈയിലേക്ക് പോയതെന്നും റിപ്പോര്‍ട്ടിലുണ്ട്. ആരോഗ്യവകുപ്പ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെ രൂക്ഷമായി വിമര്‍ശിച്ച് നിലവിലെ മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി. അമരീന്ദര്‍ സിങ് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചില്ലെന്ന് ആരോപിച്ച ചന്നി താന്‍ രണ്ട് മണിക്കൂര്‍ മാത്രമാണ് വിശ്രമിക്കുന്നതെന്നും ബാക്കി സമയം ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയാണെന്നും അവകാശപ്പെട്ടു.
ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി നയിക്കുന്ന ബദല്‍ രാഷ്ട്രീയ മുന്നണിയില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ച് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ്. 2022 ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് അഖിലേഷ്. പശ്ചിമ ബംഗാളില്‍ മമത ചെയ്തതിന് സമാനമായി യുപിയില്‍ നിലവിലെ ഭരണകക്ഷിയായ ബിജെപിയെ തുടച്ചുനീക്കുമെന്നാണ് അഖിലേഷ് പറയുന്നത്.
എയര്‍ ഇന്ത്യ ഓഹരി വിറ്റഴിക്കല്‍ കോടതി കയറി. വിമാനക്കമ്പനിയെ ടാറ്റയ്ക്ക് കൈമാറുന്നതിന്റെ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് തൊഴിലാളി യൂണിയന്‍ പരാതിയുമായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. തങ്ങളുടെ അവകാശങ്ങള്‍ക്ക് സമ്പൂര്‍ണ സംരക്ഷണം ഉറപ്പാകുന്നത് വരെ വിമാനക്കമ്പനി കൈമാറാന്‍ പാടില്ലെന്നാണ് ഇവരുടെ ആവശ്യം. എയര്‍ ഇന്ത്യ മുന്‍പ് ജീവനക്കാര്‍ക്ക് അനുവദിച്ചിരുന്ന ക്വാര്‍ട്ടേര്‍സുകളില്‍ നിന്ന് ഇവരെ ഒഴിപ്പിക്കാനുള്ള കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ തീരുമാനത്തില്‍ കൂടുതല്‍ നടപടികള്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ കൈക്കൊള്ളരുതെന്നാണ് കോടതിയുടെ ഉത്തരവ്.
ഇനി മുതല്‍ ഭരണരംഗത്ത് 70-ന് മുകളില്‍ പ്രായമുള്ളവര്‍ വേണ്ടെന്ന് എലോണ്‍ മസ്‌ക്. തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് 70 വയസ് പരമാവധി പ്രായപരിധിയായി നിശ്ചയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ട്വീറ്റിലാണ് അദ്ദേഹം തന്റെ നിലപാട് അറിയിച്ചത്. എന്നാല്‍ ഏതെങ്കിലും നേതാവിനെ എലോണ്‍ മസ്‌ക് പരാമര്‍ശിച്ചിട്ടില്ല.
ഐഎസ്എല്‍ സീസണിലെ അവസാന സ്ഥാനക്കാരുടെ പോരാട്ടത്തില്‍ ഇഞ്ചുറി ടൈമില്‍ നേടിയ ഗോളില്‍ എഫ് സി ഗോവയെ വീഴ്ത്തി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ഇരു ടീമുകളും നിശ്ചത സമയത്ത് ഓരോ ഗോള്‍ വീതമടിച്ച് സമനിലയിലായിരുന്ന മത്സരത്തിന്റെ അവസാന നിമിഷം ഖാസാ കമാറ നേടിയ ലോംഗ് റേഞ്ച് ഗോളാണ് നോര്‍ത്ത് ഈസ്റ്റിന് സീസണിലെ ആദ്യ ജയമൊരുക്കിയത്.
ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിയെ വീഴ്ത്തി വിജയക്കുതിപ്പ് തുടര്‍ന്ന് മുംബൈ സിറ്റി എഫ്‌സി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു മുംബൈയുടെ ജയം. നാലു കളികളില്‍ മൂന്നാം ജയവുമായി മുംബൈ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ തോല്‍വിയോടെ ബെംഗളൂരു ഏഴാം സ്ഥാനത്ത് തുടരുന്നു.
ലോക ബാഡ്മിന്റണ്‍ ടൂര്‍ ഫൈനല്‍സില്‍ ഇന്ത്യയുടെ പി.വി.സിന്ധു ഫൈനലില്‍ കടന്നു. സെമിയില്‍ ജപ്പാന്റെ അകാനി യാമാഗുച്ചിയെ തോല്‍പ്പിച്ചാണ് സിന്ധുവിന്റെ മുന്നേറ്റം. ഇന്ന് നടക്കുന്ന ഫൈനലില്‍ ദക്ഷിണകൊറിയയുടെ ആന്‍ സി യംഗിനെ സിന്ധു നേരിടും. സീസണിലെ 8 മികച്ച താരങ്ങള്‍ മാത്രം മത്സരിക്കുന്ന ടൂര്‍ണമെന്റില്‍ മൂന്നാം തവണയാണ് സിന്ധു ഫൈനലില്‍ കടക്കുന്നത്. 2018ലെ ചാംപ്യനായ സിന്ധു ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായിരുന്നു.
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്. രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 69 റണ്‍സെടുത്തിട്ടുണ്ട്. നിലവില്‍ ഇന്ത്യക്ക് 332 റണ്‍സിന്റെ ലീഡുണ്ട്. നേരത്തെ ഇന്ത്യയുടെ 325 റണ്‍സിനെതിരെ കിവീസ് കേവലം 62 റണ്‍സിന് പുറത്തായി. നാല് വിക്കറ്റ് നേടിയ ആര്‍ അശ്വിനും മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജുമാണ് സന്ദര്‍ശകരെ തകര്‍ത്തത്. 17 റണ്‍സ് നേടിയ കെയ്ല്‍ ജെയ്മിസണാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. നേരത്തെ അജാസ് പട്ടേലിന്റെ പത്ത് വിക്കറ്റ് പ്രകടനാണ് ഇന്ത്യയെ 325 റണ്‍സില്‍ നിയന്ത്രിച്ച് നിര്‍ത്തിയത്. 150 റണ്‍സ് നേടിയ മായങ്ക് അഗര്‍വാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അക്‌സര്‍ പട്ടേല്‍ 52 റണ്‍സ് നേടി.
ഒമിക്രോണ്‍ ഭീഷണിയെ തുടര്‍ന്ന് നീട്ടിവച്ച ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ഡിസംബര്‍ 26ന് ആരംഭിക്കും. മൂന്ന് വീതം ടെസ്റ്റും ഏകദിനവുമാണ് ഇന്ത്യ, ദക്ഷിണാഫ്രിക്കയില്‍ കളിക്കുക. അതേസമയം ഇതിനോടൊപ്പം നടക്കേണ്ട നാല് മത്സരങ്ങളുടെ ടി20 പരമ്പര പിന്നീട് കളിക്കും. തിയ്യതിയും പിന്നീട് പ്രഖ്യാപിക്കും.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ കരുത്തരായ ചെല്‍സിയെ അട്ടിമറിച്ച് വെസ്റ്റ്ഹാം. വെസ്റ്റ്ഹാമിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളിനായിരുന്നു ചെല്‍സിയുടെ തോല്‍വി. രണ്ട് തവണ ചെല്‍സി ലീഡെടുത്തിട്ടും വെസ്റ്റ്ഹാം തിരിച്ചടിക്കുകയായിരുന്നു.
കേരളത്തില്‍ ഇന്നലെ 58,817 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 4557 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 52 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 263 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 41,439 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 9 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4305 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 205 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 38 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5108 പേര്‍ രോഗമുക്തി നേടി. ഇതോടെ 43,771 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 814, എറണാകുളം 606, കോഴിക്കോട് 566, തൃശൂര്‍ 489, കൊല്ലം 350, കോട്ടയം 347, കണ്ണൂര്‍ 276, മലപ്പുറം 233, പത്തനംതിട്ട 211, ആലപ്പുഴ 160, പാലക്കാട് 151, ഇടുക്കി 139, വയനാട് 135, കാസര്‍ഗോഡ് 80.
ആഗോളതലത്തില്‍ ഇന്നലെ 5,11,512 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 50,176 പേര്‍ക്കും ഇംഗ്ലണ്ടില്‍ 42,848 പേര്‍ക്കും റഷ്യയില്‍ 32,974 പേര്‍ക്കും തുര്‍ക്കിയില്‍ 20,374 പേര്‍ക്കും ഫ്രാന്‍സില്‍ 51,624 പേര്‍ക്കും ജര്‍മനിയില്‍ 46,379 പേര്‍ക്കും പോളണ്ടില്‍ 25,576 പേര്‍ക്കും നെതര്‍ലണ്ട്സില്‍ 22,613 പേര്‍ക്കും ബെല്‍ജിയത്തില്‍ 23,113 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 26.56 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.10 കോടി കോവിഡ് രോഗികള്‍.
ആഗോളതലത്തില്‍ 5,494 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 478 പേരും റഷ്യയില്‍ 1,215 പേരും പോളണ്ടില്‍ 502 പേരും ഉക്രെയിനില്‍ 436 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 52.63 ലക്ഷമായി.
പുതുവര്‍ഷത്തില്‍ ബാങ്കിംഗ് ചാര്‍ജുകള്‍ ഉയരും. പുതിയ നിരക്കുകള്‍ അനുസരിച്ച് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ്, ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ ലിമിറ്റ് എന്നിവയുടെ സൗജന്യ തവണകള്‍ കഴിഞ്ഞാലും അധിക തുക ഈടാക്കും. ഉപഭോക്താക്കള്‍ക്ക് സ്വന്തം ബാങ്കിന്റെ എടിഎമ്മുകളില്‍ നിന്ന് എല്ലാ മാസവും അഞ്ച് സൗജന്യ ഇടപാടുകള്‍ നടത്താം. ബാങ്കിലോ മറ്റ് ബാങ്ക് എടിഎമ്മുകളിലോ ഓണ്‍ലൈന്‍ ട്രാന്‍സ്ഫറിലൂടെയോ സൗജന്യ പരിധിക്ക് മുകളില്‍ നടത്തുന്ന ഓരോ പണം ഇടപാടിനും 21 രൂപ ഫീസും ജിഎസ്ടിയും ആകും ഈടാക്കും. അതേ സമയം, മെട്രോ നഗരങ്ങളിലെ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്ന് മൂന്ന് സൗജന്യ ഇടപാടുകള്‍ ആണ് നടത്താനാകുക. ഇതുകൂടാതെ, സാമ്പത്തിക ഇടപാടുകള്‍ക്ക് 15 രൂപയില്‍ നിന്ന് 17 രൂപയായും സാമ്പത്തികേതര ഇടപാടുകള്‍ക്ക് 5 രൂപയില്‍ നിന്ന് 6 രൂപയായും എല്ലാ കേന്ദ്രങ്ങളിലും ഇന്റര്‍ചേഞ്ച് ഫീസ് വര്‍ധിപ്പിക്കാനും സെന്‍ട്രല്‍ ബാങ്ക് ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിരുന്നു.
യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആക്ടീവസ് കണക്ട് എന്ന സ്ഥാപനത്തിന്റെ 100 ശതമാനം ഓഹരികളും സ്വന്തമാക്കി ഐടി കമ്പനി ടെക് മഹീന്ദ്ര. 62 മില്യണ്‍ ഡോളറിന്റേതാണ് (ഏകദേശം 466 കോടി) ഏറ്റെടുപ്പ്. വര്‍ക്ക് ഫ്രം ഹോം മാനേജ്മെന്റ് സൊല്യൂഷന്‍സ് സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് ആക്ടീവസ് കണക്ട്. യുഎസിലെ ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ടെക് മഹീന്ദ്രയുടെ നീക്കം. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 25.7 ശതമാനം വര്‍ധനവോടെ 1338.7 കോടിയായിരുന്നു ടെക് മഹീന്ദ്രയുടെ അറ്റാദായം.
ജോജു ജോര്‍ജ് നായകനാകുന്ന ‘മധുരം’ഡയറക്ട് ഒടിടി റിലീസായിരിക്കുമെന്നതാണ് പുതിയ റിപ്പോര്‍ട്ട്. അഹമ്മദ് കബീര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം സോണി ലിവിലാണ് ചിത്രം റിലീസ് ചെയ്യുക. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ‘മധുരം’ ഒരു പ്രണയകഥയായിരിക്കും പറയാന്‍ പോകുന്നത്. ശ്രുതി രാമചന്ദ്രന്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മധുരം എന്ന ജോജു ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളുമാണ് ജോജു ജോര്‍ജ്.
സണ്ണി വെയ്നിനെ നായകനാക്കി മജു സംവിധാനം ചെയ്യുന്ന ‘അപ്പന്‍’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. ഒരു റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയുടെ വേഷത്തിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ സണ്ണി വെയ്ന്‍. അലന്‍സിയര്‍ ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ മജുവിനൊപ്പം ആര്‍ ജയകുമാറും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. അനന്യ, ഗ്രേസ് ആന്റണി, പോളി വത്സന്‍, രാധിക രാധാകൃഷ്ണന്‍, അനില്‍ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്റഫ്, ദ്രുപദ് കൃഷ്ണ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ഇന്ത്യന്‍ വിപണിയില്‍ നിന്ന് സിബി300ആര്‍ നേക്കഡ് സ്ട്രീറ്റ് ഫൈറ്ററിന്റെ വില്‍പ്പന ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട അവസാനിപ്പിച്ചിരുന്നു. 2019 ഫെബ്രുവരിക്കും 2020 ഏപ്രിലിനും ഇടയിലാണ് മോട്ടോര്‍സൈക്കിള്‍ വിറ്റത്. ഇപ്പോഴിതാ സിബി300ആര്‍ രാജ്യത്ത് തിരികെ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് ഹോണ്ട എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പുതിയ സിബി300ആര്‍ നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ രാജ്യത്ത് പ്രാദേശികമായി നിര്‍മ്മിക്കാനും ഹോണ്ടയ്ക്ക് പദ്ധതിയുണ്ട്. മുമ്പ്, കമ്പനി മോട്ടോര്‍സൈക്കിള്‍ സികെഡി യൂണിറ്റായി ഇറക്കുമതി ചെയ്തിരുന്നു. 2.41 ലക്ഷം രൂപയായിരുന്നു മോട്ടോര്‍സൈക്കിള്‍ എക്സ്-ഷോറൂം വില.
മാനവരാശി അഭിമുഖീകരിക്കുന്ന വ്യത്യസ്തവും എന്നും പ്രസക്തവും സുപ്രധാനവുമായ ചില അടിസ്ഥാനവിഷയങ്ങളെ സംബന്ധിച്ച ലേഖനങ്ങള്‍. പ്രാചീനവും നവീനവുമായ വിജ്ഞാനങ്ങളെയും പൗരസ്ത്യവും പാശ്ചാത്യവുമായ ദര്‍ശനങ്ങളെയും തന്റേതായ രീതിയില്‍ സമന്വയിപ്പിച്ചു വീക്ഷിക്കുന്ന ഒരു ചിന്തകനെ ഈ ലേഖനങ്ങളില്‍ കാണാം. ‘ദിശാബോധത്തിന്റെ ദര്‍ശനം’. പി. പരമേശ്വരന്‍. രണ്ടാം പതിപ്പ്. മാതൃഭൂമി. വില 240 രൂപ.
ചിട്ടയില്ലാത്ത ജീവിതശൈലിയാണ് ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് കാരണം. പുകവലി ഒഴിവാക്കുകയും മലിനവായു ശ്വസിക്കാതിരിക്കുകയും ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്താല്‍ തന്നെ ഒരു പരിധി വരെ ശ്വാസകോശത്തെ സംരക്ഷിക്കാന്‍ കഴിയും. ശ്വാസകോശത്തിന്റെ ആരോഗ്യത്തിനായി ഭക്ഷണകാര്യത്തിലും പ്രത്യേകം ശ്രദ്ധ വേണം. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ബെറി പഴങ്ങള്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സ്‌ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി, റാസ്പ്ബെറി തുടങ്ങിയ ബെറി പഴങ്ങള്‍ ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഏതെങ്കിലുമൊരു പച്ചിലക്കറി ദിവസവും ശീലമാക്കാം. ചീര, കാബേജ്, മുരിങ്ങയില തുടങ്ങിയവയില്‍ ഏതെങ്കിലുമൊന്ന് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശ്വാസകോശത്തെ ബാധിക്കുന്ന അര്‍ബുദത്തെ തടയാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. തക്കാളി പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും കലവറയാണ്. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപീന്‍ ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ബീറ്റ്റൂട്ടാണ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നൈട്രേറ്റ് ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് മികച്ചതാണ്. ആന്റി ഓക്സിഡന്റുകളും ഫ്ലവനോയിഡുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയിട്ടുള്ള ആപ്പിള്‍ ദിവസവും കഴിക്കുന്നത് ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ശ്വാസകോശത്തെ സംരക്ഷിക്കാന്‍ ഭക്ഷണത്തില്‍ മഞ്ഞള്‍ ധാരാളമായി ഉള്‍പ്പെടുത്താം. ശ്വാസകോശത്തെ ബാധിക്കുന്ന വൈറസിനെതിരേയും മഞ്ഞള്‍ ഫലപ്രദമെന്ന് തെളിഞ്ഞിട്ടുണ്ട്.
*ശുഭദിനം*
ഗുരു എന്നും തന്റെ ശിഷ്യന്മാര്‍ക്കായി പ്രഭാഷണങ്ങള്‍ നടത്തുമായിരുന്നു. അന്ന് ഗുരുവിന്റെ പ്രഭാഷണം ഉണ്ടായിരുന്നു. പതിവിലും നല്ല പ്രഭാഷണമായിരുന്നു അന്ന്. പ്രസംഗത്തിന് ശേഷം ഒരാള്‍ ഗുരുവിന്റെ അടുത്തെത്തി പറഞ്ഞു: നല്ല വാക്കുകളാണ് അങ്ങയുടേത്. പക്ഷേ, ഇത്രയും ലളിതമായി കാര്യങ്ങള്‍ പറഞ്ഞാല്‍ ആര്‍ക്കും ഒരു വിലയും ഉണ്ടാകില്ല. അതുകൊണ്ട് കുറച്ചുകൂടി ഗഹനമായി കാര്യങ്ങള്‍ അവതരിപ്പിച്ചുകൂടെ. ഗുരു ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു: ഞാന്‍ ലളിതമായി പറയാം. എനിക്കതേ ശീലമുളളൂ. അതു കേട്ടിട്ട് താങ്കള്‍ അതിനെ സങ്കീര്‍ണ്ണമാക്കി അവതരിപ്പിച്ചാല്‍ മതി. ആദരവും അംഗീകാരവും ലഭിക്കണമെങ്കില്‍ കാര്യങ്ങള്‍ ആര്‍ക്കും മനസ്സിലാകാത്ത രീതിയില്‍ അവതരിപ്പിക്കണമെന്നത് ഒരു തെറ്റിദ്ധാരണയാണ്. എല്ലാവര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയും സംസാരിക്കുകയും ചെയ്യുക എന്നതാണ് ഒരാളുടെ ഏറ്റവും വലിയ ഗുണം. രണ്ടു തരത്തില്‍ ഗുരുക്കന്മാര്‍ പ്രത്യക്ഷപ്പെടാം. ഒന്നുകില്‍ എല്ലാവര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നതുകൊണ്ട്, അല്ലെങ്കില്‍ ആര്‍ക്കും മനസ്സിലാകാത്ത രീതിയില്‍ കാര്യങ്ങളെ സങ്കീര്‍ണ്ണമാക്കുന്നതുകൊണ്ട്. രണ്ടാമത്തെ വിഭാഗം അവരുടെ മരണത്തോടെ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാകും. എന്നാല്‍ ആദ്യകൂട്ടരുടെ കാഴ്ചപ്പാടുകളും കര്‍മ്മങ്ങളും വരും തലമുറയിലൂടെ നിലനില്‍ക്കും. പറഞ്ഞ അര്‍ത്ഥവും മനസ്സിലാക്കിയ അര്‍ത്ഥവും ഒന്നാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കാനും സംസാരിക്കാനും നമുക്ക് സാധിക്കട്ടെ –