Headlines

‘തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി നീട്ടരുത്’: ഓർഡിനൻസിൽ ഒപ്പ് വെയ്ക്കരുതെന്ന് ഗവർണറോട് ആവശ്യപ്പെട്ട് ബിജെപി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി നീട്ടാന്‍ പിണറായി സര്‍ക്കാര്‍ കൊണ്ടുവരുന്ന
ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ഗവര്‍ണറോട് അഭ്യര്‍ത്ഥിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീ രാജീവ് ചന്ദ്രശേഖര്‍. ശബരിമല സ്വര്‍ണ്ണക്കൊള്ളയടക്കമുള്ള ലജ്ജാകരമായ അഴിമതികളും വെട്ടിപ്പുകളും പുറത്തുവന്നിട്ടും ബോര്‍ഡിന്റെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതിന്റെ അർത്ഥം ശബരിമല ക്ഷേത്രം കൊള്ളയടിച്ചവർക്ക് പിണറായി സർക്കാർ ഏത് വിധേനയും സംരക്ഷണം നൽകുമെന്ന സന്ദേശം കൂടിയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിന്റെ പലനടപടികളും സംശയാസ്പദമാണെന്നാണ് ഹൈക്കോടതി ഇന്ന് പറഞ്ഞത്. അതി രൂക്ഷ വിമർശനം കേരളാ ഹൈകോടതിയിൽ നിന്നുണ്ടായിട്ടും ആരോപണവിധേയരായ ഈ ബോര്‍ഡിന്റെ കാലാവധി 2025 നവംബര്‍ 14 മുതല്‍ ഒരു വര്‍ഷം കൂടി നീട്ടാനുള്ള തിരക്കിട്ട നീക്കത്തിലാണ് സര്‍ക്കാര്‍.തിരുവിതാംകൂര്‍-കൊച്ചി ഹിന്ദു മത സ്ഥാപന നിയമം 1950 പ്രകാരം മൂന്ന് വര്‍ഷമായിരുന്നു ദേവസ്വം ബോര്‍ഡിന്റെ കാലാവധി. ഒരു വര്‍ഷം കൂടി കാലാവധി ഉണ്ടായിരുന്ന അംഗങ്ങളെ പുറത്താക്കാനാണ് 2017ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ബോര്‍ഡിന്റെ കാലാവധി രണ്ട് വര്‍ഷമായി കുറച്ചത്.

ദേവസ്വം മന്ത്രിയുടെ രാജി, ബോര്‍ഡിനെതിരായ അന്വേഷണം തുടങ്ങിയ ന്യായമായ ആവശ്യങ്ങളോട് പ്രതികരിക്കാതെയും ബോര്‍ഡ് പുനഃസംഘടിപ്പിക്കാതെയും നിലവിലെ അംഗങ്ങളെ തുടരാനുള്ള അവസരമൊരുക്കുന്ന സര്‍ക്കാര്‍ നീക്കം അപകടകരമാണെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനുള്ള അധികാരം വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം വിനിയോഗിക്കേണ്ട ഒന്നാണ്. ഭരണഘടനാപരമായ സംവിധാനം ദുരുപയോഗം ചെയ്ത് സംശയത്തിന്റെ നിഴലിലുള്ള ബോര്‍ഡംഗങ്ങള്‍ക്ക് തുടരാന്‍ അവസരമൊരുക്കുകയാണ് സര്‍ക്കാരെന്ന് അദ്ദേഹം പറഞ്ഞു.

നിലവിലെ അംഗങ്ങള്‍ക്ക് മേലുള്ള ആരോപണങ്ങള്‍ക്ക് അംഗീകാരം നല്‍കാനുള്ള ദുരുദ്ദേശ്യപരമായ നീക്കമാണിതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആരോപിച്ചു. സന്നിധാനത്തെ സ്വര്‍ണ്ണമടക്കമുള്ള ആസ്തികള്‍ അറ്റകുറ്റപ്പണികള്‍ക്കായി മാറ്റാന്‍ തീരുമാനം എടുത്തതും ഇവരുടെ ഭരണകാലത്താണ്. കേരളത്തിലെ അയ്യപ്പ ഭക്തരെ അപമാനിക്കുന്ന ഈ ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ബിജെപി ഗവര്‍ണറോട് ശക്തമായി അഭ്യര്‍ത്ഥിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.