പുത്തൻ ഫീച്ചറുമായി വാട്‌സ്ആപ്പ്; അനാവശ്യ സന്ദേശങ്ങൾ തടയാൻ ‘യൂസർനെയിം കീകൾ’ വരുന്നു

ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കാൻ പുതിയ ഫീച്ചറുകൾ ഒരുക്കുകയാണെന്ന് റിപ്പോർട്ടുകൾ. ‘യൂസർനെയിം കീകൾ’ എന്ന് പേരിട്ടിരിക്കുന്ന ഈ പുത്തൻ ഫീച്ചർ വഴി അനാവശ്യവും, സ്‌പാം ആയതുമായ സന്ദേശങ്ങൾ നിയന്ത്രിക്കാനാവും. വാട്‌സ്ആപ്പ് ട്രാക്കറായ WABetaInfo ആണ് ഈ വിവരം പുറത്തുവിട്ടത്. നിലവിൽ ആൻഡ്രോയിഡ് 2.25.22.9 അപ്‌ഡേറ്റിലെ ബീറ്റാ പതിപ്പിൽ ഈ ഫീച്ചർ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.

ഈ ഫീച്ചറിന് രണ്ട് പ്രധാന ഭാഗങ്ങളാണുള്ളത്. ആദ്യത്തേത് ‘യൂസർനെയിം’ ആണ്. നിലവിൽ ആളുകളുമായി ചാറ്റ് ചെയ്യണമെങ്കിൽ ഫോൺ നമ്പർ പങ്കിടണം. എന്നാൽ ഈ ഫീച്ചർ വരുന്നതോടെ ഫോൺ നമ്പറിന് പകരം യൂസർനെയിം മാത്രം പങ്കിട്ടാൽ മതിയാകും. ഇത് ടെലഗ്രാമിലെ യൂസർനെയിം സംവിധാനത്തിന് സമാനമാണ്.രണ്ടാമത്തേത് ‘യൂസർനെയിം കീകൾ’ ആണ്. ഇതൊരു നാലക്ക പിൻ കോഡായിരിക്കും. ഒരു പുതിയ വ്യക്തിയുമായി ചാറ്റ് തുടങ്ങാൻ ഉപയോക്താവ് തന്‍റെ യൂസർനെയിമിനൊപ്പം ഈ പിൻ കോഡും പങ്കിടണം. ഈ കോഡില്ലാതെ ആർക്കും പുതിയതായി സന്ദേശങ്ങൾ അയയ്ക്കാൻ കഴിയില്ല. ഇത് വഴി ഫോൺ നമ്പർ അറിയാവുന്ന ആളുകൾക്കും, നിലവിൽ ചാറ്റ് ചെയ്യുന്ന ആളുകൾക്കും ഈ ഫീച്ചർ ഒരു തടസ്സമാകില്ല. അനാവശ്യ സന്ദേശങ്ങളും സ്‌പാമുകളും തടയാൻ ഈ സംവിധാനം ഏറെ സഹായകമാകും. വാട്‌സ്ആപ്പ് ഈ ഫീച്ചർ ഉടൻ തന്നെ എല്ലാവർക്കുമായി ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.