സി സദാനന്ദൻ വധശ്രമക്കേസിലെ പ്രതികൾക്ക് നാട്ടിൽ അനുവദിച്ച യാത്രയയപ്പ് വിവാദത്തിൽ പ്രതികരിച്ച് കെ.കെ. ശൈലജ. നാട്ടുകാരിയെന്ന നിലയിലാണ് താൻ പങ്കെടുത്തതെന്നാണ് വിശദീകരണം. താൻ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകയാണ്, അവരും പാർട്ടി പ്രവർത്തകരാണ്. തൻ്റെ അറിവിൽ അവർ നാട്ടിലെ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണ്. മാന്യമായി ജീവിതം നയിക്കുന്നവരാണവർ. താൻ പങ്കെടുത്തത് ഒരു കുറ്റകൃത്യത്തെ ന്യായീകരിക്കാനല്ലെന്നും കോടതിയുടെ വിധിയെ മാനിക്കുന്നതായും കെ.കെ. ശൈലജ പ്രതികരിച്ചു.
പ്രതികളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടില്ല. പ്രതികളുടെ കുടുംബാംഗങ്ങൾ ഏറെ ദുഃഖത്തിലാണ്. അവർ തെറ്റുകാരല്ലെന്ന് അവരുടെ കുടുംബം വിശ്വസിക്കുന്നു. എങ്കിലും കോടതി വിധിയെ തങ്ങൾ മാനിക്കുന്നു. മൊഴികളുടെ അടിസ്ഥാനത്തിലാണ് ആ വിധി വന്നത്. ഇത് യാത്രയയപ്പായി കാണാൻ കഴിയില്ലെന്നും തെറ്റായ യാതൊരു സന്ദേശവും ഇതിൽ ഇല്ലെന്നും കെ.കെ. ശൈലജ അഭിപ്രായപ്പെട്ടു.
ബി.ജെ.പി നേതാവും രാജ്യസഭ എം.പിയുമായ സി. സദാനന്ദൻ വധശ്രമക്കേസിലെ സി.പി.ഐ.എം പ്രവർത്തകരായ എട്ട് പ്രതികൾ വർഷങ്ങൾക്കുശേഷം കോടതിയിൽ കീഴടങ്ങുകയായിരുന്നു. പ്രതികളെ വിചാരണ കോടതി നേരത്തേ ശിക്ഷിച്ചിരുന്നു. എന്നാല്‍, ശിക്ഷാവിധിക്കെതിരെ മേല്‍കോടതികളില്‍ അപ്പീല്‍ നല്‍കി ജാമ്യത്തിലായിരുന്നു പ്രതികള്‍. ഏഴുവര്‍ഷത്തെ തടവാണ് പ്രതികള്‍ക്കെതിരെ വിധിച്ചിരുന്നത്. സുപ്രീംകോടതിയും അപ്പീല്‍ തള്ളിയതോടെയാണ് പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയത്. മട്ടന്നൂര്‍ ഉരുവച്ചാലിലെ പഴശ്ശി രക്തസാക്ഷി മന്ദിരത്തില്‍നിന്ന് സി.പി.ഐ.എം നേതാക്കളും പ്രവര്‍ത്തകരും ഇവര്‍ക്ക് യാത്രയയപ്പ് നല്‍കുകയായിരുന്നു.
പ്രതികളെ യാത്രയാക്കാന്‍ സ്ഥലം എം.എല്‍.എ കെ.കെ. ശൈലജ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സി.പി.ഐ.എം പഴശ്ശി സൗത്ത് ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ എത്തിയിരുന്നു. കോടതിയിൽ കീഴടങ്ങാനായി പോകുന്ന പ്രതികളായ സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കായി മുദ്രാവാക്യം മുഴക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. കോടതി നടപടികൾക്കുശേഷം പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.