വീണ്ടും പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. വാട്‌സ്ആപ്പിലൂടെ അയക്കുന്ന വോയ്‌സ് മെസേജുകളെ ടെക്സ്റ്റ് ഫോര്‍മാറ്റിലേക്ക് മാറ്റാനുള്ള പുതിയ ഫീച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. ഉപയോക്താക്കളുടെ ഫോണുകളിലെ സംവിധാനം ഉപയോഗിച്ചായിരിക്കും പുതിയ ഫീച്ചര്‍ പ്രവര്‍ത്തിക്കുക.
ആദ്യ ഘട്ടത്തില്‍ ഐഫോണുകളിലായിരിക്കും പുതിയ ഫീച്ചര്‍ ലഭ്യമാക്കുക. ഐഫോണുകളിലെ സ്പീച്ച് റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യയായിരിക്കും ഇതിനായി ഉപയോഗിക്കുന്നത്. ഒരു തവണ വോയ്‌സ് മെസേജില്‍ നിന്ന് ടെക്സ്റ്റ് ഫോര്‍മാറ്റിലേക്ക് മാറ്റിയാല്‍ അത് വാട്‌സ്ആപ്പില്‍ സേവ് ചെയ്യപ്പെടുകയും പിന്നിട് എത്ര വേണമെങ്കിലും വായിക്കാനും സാധിക്കും.
ഉപയോക്താക്കള്‍ക്ക് വേണമെങ്കില്‍ മാത്രം ഈ ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ മതി. തെരഞ്ഞെടുക്കുന്നുവെങ്കില്‍ ഒറ്റ തവണ ഡിവൈസ് യൂസ് അനുവാദം നല്‍കേണ്ടതുണ്ട്. ഐഫോണുകളില്‍ പരീക്ഷിച്ച ശേഷം വൈകാതെ ആന്‍ഡ്രോയിഡ് ഫോണുകളിലും പുതിയ ഫീച്ചര്‍ എത്തുമെന്നാണ് പ്രതീക്ഷ.