Headlines

ഓരോ പ്രദേശത്തും പെറ്റുപെരുകുന്നത് ആയിരക്കണക്കിന് ആഫ്രിക്കൻ ഒച്ചുകൾ; വ്യാപകമായത് 2018 ലെ പ്രളയത്തിനു ശേഷം

 

പാപ്പിനിശ്ശേരി ∙ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ച് ശല്യം രൂക്ഷം. ആയിരക്കണക്കിന് ആഫ്രിക്കൻ ഒച്ചുകളാണ് ഓരോ പ്രദേശത്തും പെറ്റുപെരുകുന്നത്. രാത്രി കൂട്ടത്തോടെയെത്തുന്ന ഇവ വീടുകളിലെ ചെടികളും വിളകളും നശിപ്പിക്കുന്നു. ശുദ്ധജലസ്രോതസ്സുകളിലും, വീടിന്നകങ്ങളിലും ഒച്ചിന്റെ ശല്യം കൂടിവരുന്നത് നാട്ടുകാരെ വലിയ ആശങ്കയിലാക്കുന്നു. കാടുമൂടിക്കിടക്കുന്നതും, ഈർപ്പം കൂടിയ പ്രദേശങ്ങളിലുമാണ് ഇവ വ്യാപകമായി കാണുന്നത്. ഇരിണാവ്, ചെറുകുന്ന്, കണ്ണപുരം റെയിൽവേ സ്റ്റേഷൻ പരിസരം, പാപ്പിനിശ്ശേരി, മയ്യിൽ, കയരളം, കുറ്റ്യാട്ടൂർ, മടക്കര, അലവിൽ, പയ്യന്നൂർ തുടങ്ങി ജില്ലയിൽ പലയിടത്തും ഒച്ചുശല്യം വ്യാപകമാണ്.നേരത്തെ തീരദേശങ്ങളിൽ മാത്രമുണ്ടായ ഒച്ചുകൾ നിലവിൽ മലയോരപ്രദേശങ്ങളിലും ശല്യമായിത്തുടങ്ങി. കാർഷികവിളകൾക്കും ഇവ വലിയതോതിൽ നാശനഷ്ടം ഉണ്ടാക്കുന്നുണ്ട്. കുട്ടികളിൽ മസ്തിഷ്ക ജ്വരം (മെനിഞ്ചൈറ്റിസ്) പോലെയുള്ള രോഗങ്ങൾക്ക് ഇവ കാരണമാകുമെന്നതും ആശങ്ക പരത്തുന്നു. ചത്ത ഒച്ചുകൾ ജീർണിച്ചു അസഹ്യമായ ദുർഗന്ധത്തിനും കാരണമാകുന്നതായി പരാതിയുണ്ട്. രാത്രിയോടെ ഒച്ചുകൾ കൂട്ടത്തോടെ പുറത്തുവന്നു പുലർച്ചെ വരെ ചെടികളും കാർഷിക വിളകളും തിന്നുനശിപ്പിക്കുകയാണ്. കർഷകർക്കുണ്ടാകുന്ന വലിയതോതിലുള്ള നാശനഷ്ടങ്ങൾക്ക് അധികൃതർ ഇതുവരെ പരിഹാരം കണ്ടെത്തിയിട്ടില്ല.

ആഫ്രിക്കൻ ഒച്ചുകൾ

അക്കാറ്റിന ഫൂലിക്ക (Achatina fulica) എന്നാണ് ശാസ്ത്രനാമം. 2005 ലാണ് ഈ ഒച്ചുകളെ കണ്ടുതുടങ്ങിയതെങ്കിലും 2018 ലെ പ്രളയത്തിനു ശേഷം സംസ്ഥാനത്ത് ഇവ വ്യാപകമായി പെരുകുന്നതായി ആരോഗ്യ വിഭാഗം കണ്ടെത്തിയത്. അനുകൂല കാലാവസ്ഥയിൽ ഒരു ഒച്ച് വർഷത്തിൽ 4 പ്രാവശ്യമായി ആയിരത്തിലധികം മുട്ട ഇടാൻ സാധ്യതയുണ്ട്. ഇവ രണ്ടാഴ്ചയ്ക്കകം വിരിയും. 6 മാസം കൊണ്ട് ഇവ പ്രായപൂർത്തിയായി മുട്ടയിടാൻ തുടങ്ങുന്നതു കാരണം ആഫ്രിക്കൻ ഒച്ചുകളുടെ വ്യാപനം വളരെ പെട്ടെന്നായിരിക്കും. മണ്ണിന്നടിയിലും മറ്റുമായി ഇവയ്ക്ക് 10 വർഷം വരെ ജീവിക്കാനാകും.

പ്രതിരോധവും നിയന്ത്രണവും

∙പരിസ രശുചീകരണമാണ് പ്രധാനം. ജൈവ അവശിഷ്ടങ്ങൾ കൂട്ടിയിടാതെ സൂക്ഷിക്കണം. ഈർപ്പമുള്ള അടിക്കാടുകൾ വെട്ടണം. മഴക്കാലത്തിനു ശേഷം കൃഷിസ്ഥലത്തു മണ്ണിളക്കികൊടുക്കുന്നതും ഇവയുടെ മുട്ടകളുടെ വളർച്ച തടയും.

∙ താറാവുകളെ വളർത്തുന്നതാണ് ഫലപ്രദമായ ജൈവനിയന്ത്രണ മാർഗം.

∙ വൈകുന്നേരം വിവിധ തരത്തിലുള്ള തീറ്റക്കെണികൾ ഒരുക്കി ഒച്ചുകളെ ആകർഷിച്ചു പിടിച്ചു നശിപ്പിക്കാം.

∙ കാബേജ്, പപ്പായ തുടങ്ങിയവയുടെ ഇലകൾ ചെറുകഷണങ്ങളാക്കി ചാക്കിൽ ഇട്ടു വക്കുക. ഇപ്രകാരം കെണിയിൽ പിടിക്കുന്ന ഒച്ചുകളെ 1 ലീറ്റർ വെള്ളത്തിൽ 200 ഗ്രാം ഉപ്പ് ലയിപ്പിച്ച ലായനിയിൽ ഇട്ടു നശിപ്പിക്കാം.

∙ കുറഞ്ഞ അളവിലുള്ള ഒച്ചുകളെ നശിപ്പിക്കാൻ ബ്ലീച്ചിങ് പൗഡർ, പുകയില, തുരിശ് എന്നിവ വിതറുന്നതും നല്ലതാണ്.

∙ 500ഗ്രാം ഗോതമ്പ് പൊടി, 250 ഗ്രാം ശർക്കര, 25 ഗ്രാം വീതം യീസ്റ്റും തുരിശും ചേർത്തുണ്ടാക്കിയ മിശ്രിതം ചണച്ചാക്കിൽ നനച്ചുവക്കുക.

∙ 3 ഗ്രാം വീതം തുരിശോ, കോപ്പർ ഓക്സി ക്ലോറൈഡ് എന്ന കുമിൾ നാശിനിയോ ഒരുലീറ്റർ വെള്ളത്തിൽ കലക്കിയ ലായനി ചെടികളിൽ തളിക്കാം.

∙ വാഴ, കമുക്, തെങ്ങ് എന്നീ വിളകളിൽ ഒച്ച് കയറാതിരിക്കാൻ 10 ശതമാനം വീര്യമുള്ള ബോർഡോ കുഴമ്പ് തേച്ചുപിടിപ്പിക്കാം.

∙ മതിൽ, ചുമർ, മരത്തടികൾ എന്നിവയിൽ തുരിശുലായനി തളിക്കാം.