ന്യൂഡല്‍ഹി: എന്‍സിപി ശരത് പവാര്‍ വിഭാഗം കോണ്‍ഗ്രസില്‍ ലയിക്കുന്നതില്‍ എതിര്‍പ്പുമായി മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതൃത്വം. രാഹുല്‍ ഗാന്ധിയെ നിലപാട് അറിയിച്ചു. ലയനം വേണ്ടെന്നാണ് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ ഹര്‍ഷവര്‍ദ്ധന്‍ സപ്കല്‍ പറഞ്ഞത്. കോണ്‍ഗ്രസില്‍ ചേരാന്‍ താല്‍പര്യമുളളവരെ അംഗത്വം നല്‍കി സ്വീകരിക്കാമെന്നും അവര്‍ക്ക് പാര്‍ട്ടിയില്‍ വേണ്ടത്ര പരിഗണന നല്‍കാമെന്നും ഹര്‍ഷവര്‍ദ്ധന്‍ സപ്കല്‍ പറഞ്ഞു. അതിനപ്പുറം രണ്ട് പാര്‍ട്ടികള്‍ തമ്മില്‍ ലയനം വേണ്ടെന്നാണ് നിലപാട്. ശരത് പവാര്‍- അദാനി ബന്ധമാണ് ലയന ചര്‍ച്ചകള്‍ക്ക് തുരങ്കം വെച്ചതാണ് എന്നാണ് സൂചന.
കോണ്‍ഗ്രസില്‍ ലയിക്കുമെന്ന വാര്‍ത്ത എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ നേരത്തെ തളളിയിരുന്നു. തന്റെ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകില്ലെന്നും കോണ്‍ഗ്രസുമായി ലയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശരത് പവാറിന്റെ നേതൃത്വത്തിലുളള എന്‍സിപി വിഭാഗം ഉടന്‍ കോണ്‍ഗ്രസില്‍ ലയിക്കുമെന്നും ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിജയ് വഡേത്തിവാര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ അത്തരമൊരു ചര്‍ച്ച നടന്നിട്ടില്ലെന്നും കോണ്‍ഗ്രസില്‍ ലയിക്കില്ലെന്നും ശരത് പവാര്‍ വ്യക്തമാക്കി.അജിത് പവാറിന്റെ നേതൃത്വത്തിലുളള എന്‍സിപിയുമായി വീണ്ടും ഒന്നിക്കില്ലെന്ന് നേരത്തെ തന്നെ ശരത് പവാര്‍ വ്യക്തമാക്കിയിരുന്നു. ഇരുവിഭാഗവും വ്യത്യസ്ത രാഷ്ട്രീയ പാതകളിലാണ് സഞ്ചരിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. 1999-ല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചാണ് ശരത് പവാര്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി(എന്‍സിപി) രൂപീകരിച്ചത്. 2023-ല്‍ സമാനമായ രീതിയില്‍ ശരത് പവാറിന്റെ അനന്തരവന്‍ അജിത് പവാര്‍ പാര്‍ട്ടി പിളര്‍ത്തി ഭൂരിപക്ഷം എംഎല്‍എമാരുമായി ചേര്‍ന്ന് ബിജെപി-ശിവസേന സഖ്യത്തിനൊപ്പം ചേരുകയായിരുന്നു. എന്‍സിപി ശരത് പവാര്‍ വിഭാഗത്തിന് എട്ട് ലോക്‌സഭാ എംപിമാരും മഹാരാഷ്ട്രയില്‍ 10 എംഎല്‍എമാരുമാണ് ഉളളത്.







