റാപ്പിഡോ ബൈക്ക് റൈഡറുടെ അശ്രദ്ധയെ തുടർന്ന് ബെംഗളൂരുവിൽ മലയാളി യുവതിയുടെ ശരീരത്തിലൂടെ ട്രാക്ടർ കയറിയിറങ്ങി. ചികിത്സയിൽ കഴിയുന്ന കോഴിക്കോട് സ്വദേശി സാനി കൃഷ്ണന്റെ നില ഗുരുതരം. റാപ്പിഡോ കമ്പനിയുടെ ഭാഗത്ത് നിന്നും സഹായങ്ങൾ ലഭിച്ചില്ലെന്ന് യുവതിയുടെ സഹോദരൻ ദിപുൽ ട്വന്റിഫോറിനോട് പറഞ്ഞു. ധനസഹായം നൽകാൻ കഴിയില്ലെന്ന് റാപ്പിഡോ കമ്പനി പറയുന്ന ശബ്ദസന്ദേശം.അപകടത്തിൽ യുവതിയുടെ 12 വാരിയെല്ലുകൾ പൊട്ടി. കരൾ, വൃക്ക ഉൾപ്പെടെയുള്ള അവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റു. 20 ലക്ഷം രൂപയാണ് ഇതുവരെ ചികിത്സയ്ക്ക് ചിലവഴിച്ചത്. പ്രധാനമന്ത്രിക്കും, മുഖ്യമന്ത്രിക്കും യുവതിയുടെ കുടുംബം പരാതി നൽകി. മൂന്ന് മാസ് റെസ്റ്റാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. റാപ്പിഡോയുടെ ഭാഗത്ത് നിന്ന് ഒരു സഹായവും ഉണ്ടായിട്ടില്ലെന്ന് കടുംബം പറഞ്ഞു. ബെംഗളൂരുവിൽ 13 ദിവസം മുൻപാണ് അപകടം സംഭവിച്ചത്. ഓഫീസിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം നടന്നത്.അപകടത്തിൽ ചുണ്ട് അടക്കം മുറിഞ്ഞുപോയി. പിന്നീട് പ്ലാസ്റ്റിക് സർജറി ചെയ്തു. നിലവിൽ രണ്ട് ശസ്ത്രക്രിയകൾ നടന്നു. ഇനി ഒരു ശസ്ത്രക്രിയ കൂടി വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. തങ്ങൾക്ക് ഒരു തരത്തിലുള്ള ധനസഹായവും ചെയ്യാൻ കഴിയില്ലെന്നാണ് റാപ്പിഡോ അറിയിച്ചത്.
റാപ്പിഡോ ബൈക്ക് റൈഡറുടെ അശ്രദ്ധ: ബെംഗളൂരുവിൽ മലയാളി യുവതിയുടെ ശരീരത്തിലൂടെ ട്രാക്ടർ കയറിയിറങ്ങി







