Headlines

ലൈവിൽ ലഹരിമരുന്ന് ഉപയോഗം! വ്ളോഗർ അബ്ദുൽ ഹക്കീം UAEയിൽ പിടിയിൽ

 

ലൈവിൽ ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിതന് പിന്നാലെ മലയാളി വ്ളോഗർ യുഎഇയിൽ പിടിയിലായി. ‘എന്റെ കാസെറ്റ് ‘ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ സജീവമായ അബ്ദുൽ ഹക്കീം ആണ് പിടിയിലായത്. കേരളത്തിലും ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്

 

 

മുന്നിലിരുന്ന ലാപ്ടോപ്പ് ചതിച്ചതോടെയാണ് സോഷ്യൽമീഡിയയിൽ മനുഷ്യാവകാശപ്രവർത്തകനായി ചമയുന്ന അബ്ദുൽ ഹക്കീമിന്റെ പിന്നാമ്പുറക്കാഴ്ചകൾ ലോകമറിഞ്ഞത്. യുഎഇയിൽ വച്ച് ലഹരിമരുന്ന് ഉപയോഗിക്കുന്നതിനിടെ സമൂഹമാധ്യമപ്ലാറ്റ്ഫോമായ കിക്കിൽ അറിയാതെ ഹക്കീമിന്റെ വിലരമർന്നു.ലൈവ് സ്ട്രീമിങിലൂടെ പുറത്ത് വന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി. പിന്നാലെ യുഎഇയിൽ നിന്ന് കടക്കാൻ ശ്രമിക്കുനതിനിടെ ഹക്കീമിനെ ഷാർജ പൊലീസ് പിടികൂടിയെന്നാണ് വിവരം.

 

ബെംഗളൂരുവിൽ മലയാളികളെ കുടുക്കുന്ന ലഹരിമാഫിയക്കെതിരെ എന്റെ കാസറ്റ് എന്ന പേജിലൂടെ ചെയ്ത വീഡിയോ ആണ് ഹക്കീമിനെ വൈറലാക്കിയത്. ലഹരിക്കും, സ്ത്രീകൾക്കെതിരായ അതിക്രമത്തിനും എതിരെയാണ് നിലകൊള്ളുന്നതെന്ന തരത്തിൽ വ്ലോഗിങ് നടത്തുന്ന ഹക്കീമിന് ഇത്തരം സംഘങ്ങളുമായി അടുത്ത് ബന്ധമുണ്ടെന്ന് നേരത്തേ തന്നെ ആരോപണങ്ങളുണ്ടായിരുന്നു. ഇയാൾക്കെതിരെ കേരളത്തിലും കേസുകളുണ്ട്.സമൂഹമാധ്യമങ്ങളിലൂടെ ലൈംഗിക ചുവയുള്ള ക്യാപ്ഷനിട്ട് തന്നെ അപമാനിച്ചതിന് എറണാകുളം സ്വദേശിയായ യുവതി ഹക്കീമിനെതിരെ പരാതി നൽകിയിരുന്നു. ഭർത്താവിനെ കത്തിമുനയിൽ നിർത്തി ഭാര്യയുമായി സെൽഫി എടുക്കാൻ ശ്രമിച്ചതിനും കസ്റ്റഡിയിലെടുക്കേവ പൊലീസ് ജീപ്പ് ആക്രമിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. കർണാടകയിൽ അടക്കം സൈബർ കേസുകൾ വേറെയുമുണ്ട്. സോഷ്യൽ മീഡിയ പേജിന്റെ കരുത്തിൽ സിനിമാ താരങ്ങളെയടക്കം ബ്ലാക്മെയിൽ ചെയ്ത് പണം തട്ടിയതായും ഇയാൾക്കിതിരെ ആരോപണമുണ്ട്. മതിയായ തെളിവുകളില്ലാതെ ലൈവിലൂടെ പലരെയും വലിച്ചുകീറാറുള്ള ഹക്കിമിന്റെ മുഖം മൂടി സ്വന്തം ലൈവിലൂടെ അഴിഞ്ഞുവീണിരിക്കുകയാണ്.