Headlines

എം.ആർ അജിത്കുമാറിനെ പൊലീസിൽ നിന്ന് മാറ്റി; എക്‌സൈസ് കമ്മിഷണറായി പുതിയ നിയമനം

എഡിജിപി എം .ആർ അജിത്കുമാറിനെ പൊലീസിൽ നിന്ന് മാറ്റി. എക്‌സൈസ് കമ്മിഷണറായാണ് പുതിയ നിയമനം. ട്രാക്ടർ വിവാദത്തിൽ നടപടിക്ക് ഡി.ജി.പി ശുപാർശ നൽകിയിരുന്നു. നിലവിൽ ബറ്റാലിയൻ എഡിജിപിയാണ് എംആർ അജിത്കുമാർ. ട്രാക്ടർ യാത്രയിൽ അജിത് കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഡിജിപിയുടെ റിപ്പോർട്ട്.

എഡിജിപി അജിത് കുമാറിനെതിരെ നടപടി സ്വീകരിച്ച് ഹൈക്കോടതിയെ അറിയിക്കുന്നതാണ് ഉചിതമെന്നും ഡിജിപി സർക്കാരിനെ അറിയിച്ചിരുന്നു. കാലു വേദന കൊണ്ടാണ് ട്രാക്ടറിൽ കയറിയതെന്നായിരുന്നു അജിത് കുമാറിന്റെ വാദം. പമ്പ ഗണപതി ക്ഷേത്രത്തിൽ തൊഴുത ശേഷം എം.ആർ.അജിത് കുമാർ സ്വാമി അയ്യപ്പൻ റോഡ് വഴി കുറച്ചുദൂരം നടന്നു. തുടർന്ന് സ്വാമി അയ്യപ്പൻ റോഡിൽ നിന്ന് പൊലീസിന്റെ ഉടമസ്ഥതയിലുള്ള ട്രാക്ടറിലേക്ക് കയറി. സിസിടിവി ക്യാമറകൾ പ്രവർത്തിക്കാത്ത ഇടത്തായിരുന്നു എഡിജിപിയുടെ നിയമ വിരുദ്ധ ട്രാക്ടർ യാത്ര

അജിത് കുമാറിന്റെ ട്രാക്ടർ യാത്രയിൽ ഹൈക്കോടതി രൂക്ഷ വിമർശനമായിരുന്നു ഉയർത്തിയത്. സ്വാമി അയ്യപ്പൻ റോഡിലൂടെയുള്ള ട്രാക്ടർ യാത്ര നേരത്തെ ഹൈക്കോടതി നിരോധിച്ചതാണ്. ദർശനത്തിനായി എം ആർ അജിത് കുമാർ ട്രാക്ടറിൽ യാത്ര ചെയ്തത് ചട്ടലംഘനമെന്നായിരുന്നു സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു.