ഡല്‍ഹിയില്‍ നിന്ന് ജനുവരി പകുതി വരെ 800 പേരെ കാണാനില്ല എന്ന റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ഡല്‍ഹി പൊലീസ്. മുന്‍ വര്‍ഷങ്ങളിലെ കണക്ക് വച്ച് പരിശോധിക്കുമ്പോള്‍ എണ്ണത്തില്‍ കുറവെന്നാണ് പൊലീസ് പറയുന്നത്.
ഭയപ്പെടണ്ട സാഹചര്യമില്ല, സംഭവത്തില്‍ ക്രിമിനല്‍ സംഘങ്ങള്‍ക്ക് ബന്ധമില്ലെന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കി. തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്നും പൊലീസ് പറഞ്ഞു.
ഡല്‍ഹി പൊലീസിന്റെ തന്നെ കണക്കുകള്‍ പ്രകാരം, ജനുവരി ഒന്ന് മുതല്‍ 15 വരെയുള്ള കാലയളവില്‍ 807 പേരെയാണ് കാണാതായിട്ടുള്ളത്. അതായത് ദിവസേന, ശരാശരി 54 പേരെ കാണാതാകുന്നു. ഇതില്‍ 507 പേരും സ്ത്രീകള്‍, കുട്ടികളാണ്. 298 പുരുഷന്‍മാരെയാണ് കാണാതായിട്ടുള്ളത്. കാണാതായവരില്‍ 191 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരും 616 പേര്‍ മുതിര്‍ന്നവരുമാണ്.
എന്നാല്‍, കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ കാണാതായവരുടെ എണ്ണത്തില്‍ കുറവുണ്ടെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്. സുതാര്യവും നിഷ്പക്ഷവുമായ കുറ്റകൃത്യ റിപ്പോര്‍ട്ടിംഗ് നയമാണ് തങ്ങള്‍ പിന്തുടരുന്നതെന്ന് പൊലീസ് വാദിച്ചു. വ്യക്തികളെ കാണാതായതുമായി ബന്ധപ്പെട്ട എല്ലാ പരാതികളും ഉടനടി രജിസ്റ്റര്‍ ചെയ്യുകയും അന്വേഷിക്കുകയും ചെയ്യുന്നുണ്ട് – പൊലീസ് വ്യക്തമാക്കുന്നു.






