ശബരിമല സ്വർണ്ണക്കൊള്ള; ‘അന്വേഷണം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നു; നിർഭയമായി അന്വേഷണം മുന്നോട്ടു പോകണം’; ഹൈക്കോടതി

ശബരിമല സ്വർണ്ണ കൊള്ളയിലെ ഇടക്കാല ഉത്തരവ് ട്വന്റിഫോറിന്. നിലവിലെ അന്വേഷണം തൃപ്തികരമെന്ന് ഹൈക്കോടതി. അന്വേഷണം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നുവെന്നും എല്ലാ വശങ്ങളും വിശദമായി പരിശോധിക്കുന്നു എന്നും കോടതി പറഞ്ഞു. ഇതുവരെ 181 സാക്ഷികളുടെ മൊഴിയെടുത്തു എന്ന് എസ്ഐടി റിപ്പോർട്ടിൽ വ്യക്തമാക്കി.ദ്വാരപ്പാലക കേസിൽ 15 പ്രതികളിൽ 9 പേരെ അറസ്റ്റ് ചെയ്തുവെന്ന് എസ്ഐടി റിപ്പോർട്ടിൽ പറയുന്നു. കട്ടിളപ്പാളി കേസിൽ 12 പ്രതികളിൽ 9 അറസ്റ്റ് ചെയ്തെന്നും എസ്ഐടി പറയുന്നു. കേസില്‍ നിര്‍ണായകമാകുക ശാസ്ത്രീയ പരിശോധനാ ഫലമാണെന്ന് കോടതി നിരീക്ഷിച്ചു. സത്യം പുറത്തുവരാന്‍ സാവകാശം എടുക്കുമെന്ന കാര്യം ബോധ്യമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു.

ഊഹാപോഹപരവും, അടിസ്ഥാനരഹിതവുമായ റിപ്പോർട്ടുകൾ വഴി എസ്‌ഐടി നിലവിൽ അനാവശ്യ സമ്മർദ്ദത്തിന് വിധേയമാകുന്നുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. ചില ആഖ്യാനങ്ങൾ മനഃപൂർവ്വം മെനഞ്ഞെടുത്തതാണെന്നും, അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതായും തോന്നുന്നുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

നാലാംഘട്ടത്തിലെ അന്വേഷണം സ്വര്‍ണ്ണക്കൈമാറ്റം സംബന്ധിച്ചെന്ന് എസ്‌ഐടി റിപ്പോർട്ടിൽ പറയുന്നു. പ്രതികളുടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചും എസ്‌ഐടി അന്വേഷണം നടത്തി. സംശയകരമായ ബാങ്ക് അക്കൗണ്ടുകളിലും പരിശോധന നടത്തി. സംസ്ഥാനത്തിന് പുറത്തു നിന്നും സുപ്രധാന രേഖകൾ കണ്ടെടുത്തുവെന്നും എസ്.ഐ ടി കോടതിയിൽ വ്യക്തമാക്കി.അതേസമയം നിർഭയമായി അന്വേഷണം മുന്നോട്ടു പോകണമെന്ന് ഹൈക്കോടതി ആവർത്തിച്ചു. സത്യസന്ധതയുള്ള ഉദ്യോഗസ്ഥരെ എസ്.ഐ.ടി സംഘത്തലവന് ഉൾപ്പെടുത്താം. പക്ഷേ ഹൈക്കോടതിയെ അക്കാര്യം ബോധ്യപ്പെടുത്തണമെന്നും ഇടക്കാല ഉത്തരവിൽ നിർദേശിച്ചു. ഇന്ന് സമർപ്പിച്ച ഇടക്കാല റിപ്പോർട്ട് അനുസരിച്ചാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കേസിലെ പത്താമത്തെ ഇടക്കാല ഉത്തരവാണിത്.

അന്വേഷണം പൂർത്തിയാക്കാൻ ജനുവരി 17 വരെയാണ് നേരത്തെ അനുവദിച്ച സമയം. അത് ആറാഴ്ചത്തേക്ക് കൂടി നീട്ടി നൽകിയിട്ടുണ്ട്. എസ്ഐടി ആവശ്യപ്രകാരമാണ് സമയം നീട്ടിയത്. ഈ മാസം 19ന് വീണ്ടും പരിഗണിക്കുമ്പോൾ എസ്ഐടി നാലാമത്തെ ഇടക്കാല റിപ്പോർട്ട്‌ സമർപ്പിക്കും.