Headlines

ചോദിച്ച ശേഷം ഞങ്ങൾ മോഷ്ടിക്കുമോ സാറേ? ഇഷ്ടമായി, എടുക്കുന്നു: കള്ളൻ‌; കഷ്ടമായി, അന്വേഷിക്കുന്നു: പൊലീസ് !!

 

കറുകച്ചാൽ ∙ സർവീസിങ് കഴിഞ്ഞ് ഉടമയ്ക്ക് കൈമാറാൻ വച്ചിരുന്ന എസി കടത്തി. കള്ളനെപ്പിടിക്കാൻ സിസിടിവി ദൃശ്യങ്ങൾ കാത്ത് കടയുടമയും പൊലീസും. വാഴൂർ – ചങ്ങനാശേരി റോഡിലെ 12-ാം മൈൽ കോക്കുന്നേൽപടിയിലാണ് സംഭവം.

‘എസി കണ്ടു, ആക്രിയാണോ?’

12-ാം മൈലിൽ എസി സർവീസ് സെന്റർ നടത്തുന്ന കാർത്തികയിൽ രഞ്ജിത്തിനാണു ഈ അപ്രതീക്ഷിത ‘സർവീസ് ചാർജ്’ കിട്ടിയത്. ഇന്നലെ രാവിലെ പതിനൊന്നരയോടെ രഞ്ജിത്തിന്റെ ഫോണിലേക്ക് ഒരു കോൾ എത്തി. ഫോണിൽ അനസ് എന്ന് തെളിഞ്ഞ ആൾക്ക് അറിയേണ്ടിയിരുന്നത് കടയുടെ മുൻപിൽ ഇരിക്കുന്ന എസി ആക്രിയാക്കി കൊടുക്കാനുണ്ടോ എന്നാണ്. കസ്റ്റമറുടെ സാധനമാണ്, സർവീസ് ചെയ്ത് വച്ചതാണ്, വിൽക്കാനല്ല എന്ന് രഞ്ജിത്ത് കൃത്യമായി മറുപടിയും നൽകി. വിദേശത്തു നിന്നും എത്തിച്ച വിലപിടിപ്പുള്ള എസി നന്നാക്കാനായി കഴിഞ്ഞ ദിവസമാണ് ഒരാൾ രഞ്ജിത്തിന്റെ കടയിൽ എത്തിച്ചത്. മുപ്ലിവണ്ട് കയറിയതിനാൽ മരുന്ന് അടിച്ച ശേഷം കടയുടെ മുറ്റത്തേക്ക് ഇറക്കിവച്ചതായിരുന്നു.

‘എസി കാണാനില്ല,‌‌‌ ആക്രിയാക്കിയോ?’

പിന്നീട് സാധനങ്ങൾ വാങ്ങാൻ രഞ്ജിത്ത് കറുകച്ചാലിൽ പോയി മടങ്ങിയെത്തിയതിനു ശേഷവും എസി അവിടെത്തന്നെയുണ്ടായിരുന്നു. മറ്റൊരു വീട്ടിൽ സർവീസിനായി പോയി തിരികെ വന്നപ്പോൾ എസി കാണാനില്ല. എസി ചോദിച്ച് വിളിച്ചയാൾ പിന്നീട് ഫോൺ എടുക്കുന്നുമില്ല.

 

‘ചോദിച്ച ശേഷം മോഷ്ടിക്കുമോ?’

സംഭവം എന്തായാലും കറുകച്ചാൽ പൊലീസിന്റെ കൈകളിൽ എത്തിയിട്ടുണ്ട്. ഇതേ നമ്പറിൽ പൊലീസുകാർ വിളിച്ചപ്പോൾ വിൽപനയ്ക്ക് ചോദിച്ച എസി ഞങ്ങൾ മോഷ്ടിക്കുമോ എന്നായിരുന്നു മറുപടി. ഏതായാലും വിളിച്ചയാളോടു ഇന്ന് സ്റ്റേഷനിലെത്താൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പരാതി ലഭിച്ച ഉടൻ പൊലീസ് രണ്ട് തവണ സ്ഥലത്തെത്തി പരിശോധന നടത്തി. കടയുടെ സമീപത്തെ വീട്ടിൽ സിസിടിവി ക്യാമറയുള്ളതാണ് കടയുടമയുടെ ആശ്വാസം.