Headlines

ഒരു നിമിഷത്തെ അശ്രദ്ധ, ‘കരിയർ’ വരെ അവസാനിക്കാം; യുകെയിൽ ആരോഗ്യപ്രവർത്തകർക്ക് മുന്നറിയിപ്പ്, മലയാളികൾ ജാഗ്രതൈ!

 

ലണ്ടൻ ∙ യുകെയിൽ നഴ്സായും കെയററായും ജോലി ചെയ്യുന്നവർക്ക് ശക്തമായ മുന്നറിയിപ്പായി അടുത്തിടെ ഉണ്ടായ പ്രഫഷനൽ നടപടികൾ. രോഗികളുടെ സുരക്ഷയിൽ വീഴ്ച വരുത്തുന്നതു മുതൽ മരുന്ന് കൈകാര്യം ചെയ്യുന്നതിലെ പിഴവുകളും മെഡിക്കൽ രേഖകൾ ശരിയായി പരിപാലിക്കാത്തതും ജോലിസ്ഥലത്തെ മോശം പെരുമാറ്റവും മാത്രമല്ല, പ്രഫഷനൽ നിയന്ത്രണങ്ങൾ മറികടക്കുന്നതും തെറ്റായ വിവരങ്ങൾ നൽകുന്നതും വരെ ഗുരുതര പ്രത്യാഘാതങ്ങളിലേക്ക് നയിക്കാമെന്നാണ് സമീപകാലത്ത് നടന്ന ചില വ്യത്യസ്ത സംഭവങ്ങൾ വ്യക്തമാക്കുന്നത്.നഴ്സിങ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (എൻഎംസി) അടുത്തിടെ നടത്തിയ ഒരു നടപടിയിൽ, രോഗിയെ ആവശ്യമായ രീതിയിൽ നിരീക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയതും മരുന്നുകളെക്കുറിച്ചുള്ള അറിവിൽ കുറവുണ്ടായതും ഡ്യൂട്ടി കൈമാറ്റ സമയത്ത് സഹപ്രവർത്തകരെ വേണ്ടവിധം ശ്രദ്ധിക്കാതിരുന്നതും മെഡിക്കൽ നോട്ടുകളും രേഖകളും ശരിയായി പരിശോധിക്കാതിരുന്നതും രോഗികളുടെ തിരിച്ചറിയൽ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതുമടക്കമുള്ള കാര്യങ്ങൾ ഗൗരവമായി പരിഗണിക്കപ്പെട്ടു.വ്യത്യസ്ത രോഗികളുടെ മെഡിക്കൽ രേഖകൾ കൂട്ടിക്കലർത്തിയതും രോഗിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ ശരിയായ രീതിയിൽ കൈമാറാത്തതും അന്വേഷണത്തിന്റെ ഭാഗമായി ഉയർന്നു. രോഗി മരിച്ച സാഹചര്യത്തിൽ ആവശ്യമായ നിരീക്ഷണം നടത്തുന്നതിൽ പരാജയപ്പെട്ടുവെന്ന കണ്ടെത്തലും ഉണ്ടായി. ജോലിസ്ഥലത്തെ പ്രഫഷനൽ പെരുമാറ്റവുമായി ബന്ധപ്പെട്ട ചില പരാതികളും നടപടിക്ക് കാരണമായി. ഇതിന് പിന്നാലെ നഴ്സിന്റെ പ്രഫഷണൽ റജിസ്ട്രേഷൻ തന്നെ റദ്ദാക്കുന്ന നിലയിലേക്കാണ് നടപടി എത്തിയത്.

 

• വ്യവസ്ഥകൾ മറികടന്ന് ജോലി; ഒടുവിൽ റജിസ്ട്രേഷനും നഷ്ടമായി

യുകെയിലെ ഒരു കെയർ ഹോമിൽ ജോലി ചെയ്ത മറ്റൊരു നഴ്സിനെതിരായ എൻഎംസി നടപടിയും ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് നൽകുന്ന പ്രധാന മുന്നറിയിപ്പാണ്. നേരത്തെ തന്നെ ഏർപ്പെടുത്തിയിരുന്ന ഇന്ററിം കണ്ടീഷൻസ് ഓഫ് പ്രാക്ടീസ് ഓർഡർ പ്രകാരം നഴ്സിന് ചില കർശന നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. ഒരു സ്ഥിരം തൊഴിലുടമയ്ക്ക് കീഴിൽ മാത്രം ജോലി ചെയ്യണം, ഏജൻസി ജോലിയിൽ ഏർപ്പെടരുത്, ഒരു ഷിഫ്റ്റിന്റെ ചുമതലയുള്ള നഴ്സാകരുത്, മരുന്ന് നൽകുമ്പോൾ മേൽനോട്ടം ഉണ്ടായിരിക്കണം തുടങ്ങിയവയായിരുന്നു നിയന്ത്രണങ്ങൾ.എന്നാൽ ഈ വ്യവസ്ഥകൾ നിലനിൽക്കെ ഏജൻസി വഴി നിരവധി ഷിഫ്റ്റുകളിൽ ജോലി ചെയ്തതായും, ചെയ്യാൻ വിലക്കുണ്ടായിരുന്ന നഴ്സ് ഇൻ ചാർജ് ചുമതല ഏറ്റെടുത്തതായും, മരുന്ന് വിതരണം ചില അവസരങ്ങളിൽ ഒറ്റയ്ക്ക് നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി. മാത്രമല്ല തനിക്കെതിരെയുള്ള പ്രാക്ടീസ് നിയന്ത്രണങ്ങളുടെ പൂർണ വിവരങ്ങൾ ജോലി അപേക്ഷിക്കുന്ന സമയത്തും ജോലി ചെയ്തിരുന്ന സമയത്തും വെളിപ്പെടുത്തിയില്ലെന്നും എൻഎംസി അന്വേഷണത്തിൽ കണ്ടെത്തി.

 

ഇത് സാധാരണ ജോലി സംബന്ധമായ പിഴവായി മാത്രം കാണാതെ സത്യസന്ധതയുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രഫഷനൽ വീഴ്ചയായി കമ്മിറ്റി വിലയിരുത്തി. രോഗികൾക്ക് അപകടസാധ്യത സൃഷ്ടിച്ചതിനൊപ്പം നഴ്സിങ് മേഖലയിലുള്ള പൊതുജന വിശ്വാസത്തെയും ഇത് ബാധിച്ചുവെന്നാണ് വിലയിരുത്തൽ. തുടർന്ന് നഴ്സിനെ എൻഎംസി റജിസ്റ്ററിൽ നിന്ന് നീക്കം ചെയ്യാനുള്ള സ്ട്രൈക്കിങ് – ഓഫ് ഓർഡർ പുറപ്പെടുവിച്ചു. അപ്പീൽ കാലയളവിനായി ഇടക്കാല സസ്‌പെൻഷൻ ഉത്തരവും ഏർപ്പെടുത്തി.

ചെയ്യുന്ന ആയിരക്കണക്കിന് മലയാളി നഴ്സുമാരും കെയറർമാരുമുണ്ട്. അവരുടെ സേവനത്തെ ചോദ്യം ചെയ്യുന്നതല്ല ഇത്തരം സംഭവങ്ങൾ. എന്നാൽ രോഗിയുടെ സുരക്ഷ, മരുന്നിന്റെ സുരക്ഷ, കൃത്യമായ രേഖപ്പെടുത്തൽ, ശരിയായ ആശയവിനിമയം, പ്രഫഷനൽ പെരുമാറ്റം, സ്ഥാപനത്തിന്റെ നയങ്ങൾ, എൻഎംസി നിർദേശങ്ങൾ എന്നിവ പാലിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല എന്നതാണ് ഈ സംഭവങ്ങൾ നൽകുന്ന പ്രധാന സന്ദേശം.

 

ജോലിയിൽ ഒരു ചെറിയ പിഴവ് സംഭവിച്ചാൽ ഉടൻ റിപ്പോർട്ട് ചെയ്യുക. സംശയമുള്ളപ്പോൾ സഹായം തേടുക. തനിക്കുള്ള ജോലി നിയന്ത്രണങ്ങൾ മനസ്സിലാക്കുക. രേഖകൾ കൃത്യമായി സൂക്ഷിക്കുക. രോഗിയുടെ സുരക്ഷയെ എല്ലാറ്റിനും മുകളിൽ കാണുക. ‘ജോലി മാത്രം സംരക്ഷിക്കേണ്ടതല്ല, നിങ്ങളുടെ പ്രഫഷനൽ റജിസ്ട്രേഷനും വിശ്വാസ്യതയും കരിയറും സംരക്ഷിക്കണം’ എന്നതാണ് യുകെയിൽ ജോലി ചെയ്യുന്ന ഓരോ നഴ്സിനും കെയറർക്കും സമീപകാല എൻഎംസി നടപടികൾ നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട മുന്നറിയിപ്പ്.