സമ്മേളനത്തിന്റെ വരവുചെലവ് കണക്ക് ഇതുവരെ അവതരിപ്പിക്കാത്തത് സിപിഎമ്മിൽ പുതിയ വിവാദത്തിനു തിരികൊളുത്തുന്നു. കോടികൾ പിരിച്ച് 2025 മാർച്ച് 6 മുതൽ 9 വരെയാണു സംസ്ഥാന സമ്മേളനം നടത്തിയത്. സമ്മേളനം കഴിഞ്ഞാൽ മാസങ്ങൾക്കകം സ്വാഗതസംഘം വിളിച്ചുകൂട്ടി കണക്ക് അവതരിപ്പിക്കുന്നതും പാർട്ടി ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നതുമാണു കീഴ്‌വഴക്കം. സമ്മേളനത്തിനുശേഷം മിച്ചംവന്ന ലക്ഷങ്ങൾ ജില്ലയിലെ മറ്റാവശ്യങ്ങൾക്കായി വിനിയോഗിച്ചെന്നാണ് ഉയരുന്ന ആരോപണം.
കണ്ണൂരിൽ സി.വി.ധനരാജ് രക്തസാക്ഷി– പാർട്ടി മന്ദിര നിർമാണ ഫണ്ടുകളിലെ തിരിമറികളെച്ചൊല്ലി നേതൃത്വം പ്രതിക്കൂട്ടിലായിട്ടും കണക്ക് ജനമധ്യത്തിൽ അവതരിപ്പിക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല. പിണറായി വിജയനെ പങ്കെടുപ്പിച്ച് പയ്യന്നൂരിൽ സിപിഎം കഴിഞ്ഞ ദിവസം വിശദീകരണയോഗം നടത്തിയെങ്കിലും വിവാദ ഫണ്ടുകളുടെ കണക്കിനെക്കുറിച്ചു പാർട്ടി നേതൃത്വം മിണ്ടിയിട്ടില്ല. ഇതിനു പിന്നാലെയാണ്, സംസ്ഥാന സമ്മേളനത്തിന്റെ കണക്കും പാർട്ടി അംഗങ്ങൾ അറിയാതെ പോകുന്നത്.
പാർട്ടി അംഗങ്ങളുടെ വീടുകളിൽ ഹുണ്ടിക സ്ഥാപിച്ചായിരുന്നു സമ്മേളനത്തിനു പണം കണ്ടെത്താനുള്ള പ്രധാന പിരിവ്. ജില്ലയിൽ അൻപത്തിഅയ്യായിരത്തോളം പാർട്ടി അംഗങ്ങളുണ്ട്. ഒരു അംഗം കുറഞ്ഞത് 500 രൂപ നൽകണമെന്നായിരുന്നു അഭ്യർഥന. ഭൂരിഭാഗം പേരും ഇതിൽ കൂടുതൽ കൊടുത്തു. അനുഭാവികളും പണം നൽകി. സ്ഥാപനങ്ങളിലും പണപ്പിരിവു നടത്തി. ഏതാണ്ട് അഞ്ചരക്കോടി രൂപ ഇങ്ങനെ പിരിച്ചെടുത്തെന്നാണു വിവരം. സമ്മേളനത്തിനായി 1001 അംഗ ജനറൽ കമ്മിറ്റിയും 101 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും 15 സബ് കമ്മിറ്റികളും പ്രവർത്തിച്ചു.
സമ്മേളനത്തിനു പിന്നാലെ സബ് കമ്മിറ്റികൾ കണക്കുകൾ വൗച്ചറുകൾ സഹിതം നേതൃത്വത്തിനു കൈമാറുകയും ചെയ്തു. വിഷയം പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയിൽപെട്ടെങ്കിലും 65 ലക്ഷത്തോളം രൂപ മിച്ചമുണ്ടെന്ന ഏകദേശ കണക്കല്ലാതെ അന്തിമകണക്ക് അവതരിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. സ്വാഗതസംഘം സെക്രട്ടറി കൂടിയായ ജില്ലാ സെക്രട്ടറി എസ്. സുദേവന് ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ വൈകിയെന്നാണു പാർട്ടിക്കുള്ളിലെ വിശദീകരണം.







