കൊച്ചി ∙ സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ നിർണായക നീക്കങ്ങളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇ.ഡിയുടെ അന്വേഷണ നടപടികൾക്കെതിരെ സിഎംആർഎൽ കമ്പനി നൽകിയ അപ്പീലിൽ ഹൈക്കോടതി നാളെ വിധി പറയാനിരിക്കെ, ഇ.ഡി. ഡയറക്ടർ രാഹുൽ നവീൻ കൊച്ചിയിലെത്തി. വെള്ളിയാഴ്ച കൊച്ചിയിൽ ചേരുന്ന ഇ.ഡി.യുടെ ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. ഹൈക്കോടതി വിധി വരുന്ന പശ്ചാത്തലത്തിൽ കേസിന്റെ അടുത്ത ഘട്ട അന്വേഷണ പുരോഗതിയും തുടർനടപടികളും വിലയിരുത്താനാണ് ഡയറക്ടറുടെ അടിയന്തര സന്ദർശനം എന്നാണ് സൂചന.നേരത്തെ, ഇ.ഡി. അന്വേഷണത്തെ ചോദ്യം ചെയ്ത് സിഎംആർഎൽ നൽകിയ ഹർജി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെ കമ്പനി നൽകിയ അപ്പീലാണ് ജസ്റ്റിസുമാരായ എ. രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. കേസിൽ വെള്ളിയാഴ്ച വിധി പറയുന്നതുവരെ കരിമണൽ കമ്പനിക്കെതിരെ കടുത്ത തുടർനടപടികൾ പാടില്ലെന്ന് കോടതി നിർദേശിച്ചിരുന്നു. ഈ ആശ്വാസം ഹർജി നൽകിയ സിഎംആർഎല്ലിന് മാത്രമായിരിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നെങ്കിലും മുൻ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയ്ക്കെതിരെ ഇ.ഡി. അടുത്ത ഘട്ട നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. സിഎംആർഎല്ലിന്റെ ഹർജി മാത്രമാണ് കോടതിയുടെ പരിഗണനയിലുള്ളത്.തങ്ങളുടെ അധികാരപരിധി മറികടന്നാണ് ഇഡി അന്വേഷണം നടത്തുന്നതെന്നാണ് സിഎംആർഎൽ കോടതിയിൽ വാദിച്ചത്. തെളിവ് ശേഖരണത്തിനായി സമൻസ് അയക്കാൻ ഇഡിക്ക് അധികാരമില്ലെന്നും ആദായനികുതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇ.ഡി.യുടെ പരിധിയിൽ വരില്ലെന്നും കമ്പനി പറയുന്നു. കൂടാതെ, സിംഗിൾ ബെഞ്ച് തങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ അവസരം തന്നില്ലെന്നും ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും കമ്പനി വാദിച്ചിരുന്നു. എന്നാൽ, മറ്റ് ഏജൻസികൾ ഈ കേസ് അന്വേഷിക്കുന്നുണ്ടോ എന്നത് തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നായിരുന്നു ഇ.ഡി.ക്ക് വേണ്ടി ഹാജരായ കേന്ദ്ര സർക്കാർ അഭിഭാഷകരുടെ വാദം. എസ്എഫ്ഐഒ ജനുവരിയിൽ അന്വേഷണം തുടങ്ങിയ കേസിൽ മാർച്ചിലാണ് തങ്ങൾ അന്വേഷണം ആരംഭിച്ചതെന്നും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കാൻ തങ്ങൾക്ക് പൂർണ്ണ അധികാരമുണ്ടെന്നും ഇ.ഡി. കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഈ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് നാളത്തെ വിധിപ്രസ്താവത്തിലേക്ക് കോടതി കടക്കുന്നത്. ഇതിനിടെയാണ് ഇ.ഡി. ഡയറക്ടറും കൊച്ചിയിലെത്തിയിരിക്കുന്നത്.
സിഎംആർഎൽ–എക്സാലോജിക് കേസിനു പുറമെ പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി. നടത്തിയ പരിശോധനയ്ക്കു ശേഷം ഉദ്യോഗസ്ഥർ പുറത്തിറങ്ങുമ്പോൾ ആക്രമിക്കപ്പെട്ട സംഭവവും കേന്ദ്ര ഏജൻസി ഗൗരവത്തിലാണെടുത്തിട്ടുള്ളത്. ഇക്കാര്യത്തിലുള്ള അന്വേഷണ പുരോഗതിയും ഇ.ഡി. ഡയറക്ടറുടെ യോഗം വിലയിരുത്തിയേക്കും. അക്രമത്തിനു പിന്നിൽ ഗൂഡാലോചനയുണ്ടെന്നാണ് ഇ.ഡി. ഉന്നതവൃത്തങ്ങൾ വിശ്വസിക്കുന്നത്. ഈ സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട് എന്തു നടപടികളാവും വരുംദിവസങ്ങളിൽ സ്വീകരിക്കുക എന്നതും യോഗത്തിൽ തീരുമാനമായേക്കും. ഇ.ഡിക്ക് നേരെയുണ്ടായ അക്രമം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യവ്യക്തി നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടിസ് അയച്ചിരുന്നു.







