Headlines

മാസപ്പടി കേസ്: കേന്ദ്ര സർക്കാരിന് നോട്ടീസയച്ച് ഡൽഹി ഹൈക്കോടതി

സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ കേന്ദ്ര സർക്കാരിന് നോട്ടീസയച്ച് ഡൽഹി ഹൈക്കോടതി. ആർഒസി അന്വേഷണത്തിന്റെ റിപ്പോർട്ട് തേടി സിഎംആർഎൽ നൽകിയ അപേക്ഷയിലാണ് കേന്ദ്രത്തിന് ഡൽഹി ഹൈക്കോടതി നോട്ടീസ് നൽകിയത്. 15 ദിവസത്തിനുള്ളിൽ മറുപടി സമർപ്പിക്കാൻ നിർദ്ദേശം നൽകി. അന്തിമ വാദം കേൾക്കാനായി ഹർജി പരിഗണിക്കുന്നത് ജനുവരി 13ലേക്ക് മാറ്റി.

ഹർജി പരി​ഗണിച്ച സമയത്ത് കേന്ദ്രസർക്കാരിനും എസ്.എഫ്.ഐ.ഓയ്ക്കുമായി അഭിഭാഷകരാരും ഹാജരായില്ല. അന്തിമവാദം ഇന്ന് മുതൽ ആരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് അഭിഭാഷകരാരും ഹാജരാകാതിരുന്നത്. ജസ്റ്റിസ് നീനു ബെൻസാലിന്റെ ബെഞ്ചിന് മുൻപാകെയാണ് കേസ് ലിസ്റ്റ് ചെയ്തിരുന്നത്. ജസ്റ്റിസ് ഗിരീഷ് കത്പാലിയ അധ്യക്ഷനായ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുക എന്നാണ് മുൻപ് അറിയിച്ചിരുന്നത്.

സിഎംആർഎൽ – എക്സാലോജിക് മാസപ്പടി ഇടപാടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കേരള ഹൈക്കോടതി വിശദമായ വാദത്തിന് മാറ്റിയിരിക്കുകയാണ്. വീണയുടെ കമ്പനി സേവനമൊന്നും നൽകാതെ സിഎംആർഎൽ കമ്പനിയിൽ നിന്ന് മാസപ്പടി കൈപ്പറ്റി എന്ന ആരോപണം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. സിബിഐ അന്വേഷണ ആവശ്യം നിൽക്കുന്നതല്ലെന്ന് വീണ സത്യവാങ്മൂലത്തിൽ പറയുന്നു. സ്വയം ആരംഭിച്ച സംരംഭത്തിന്റെ ഭാഗമായിട്ടുള്ള ഇടപാടുകൾ ഒരു കമ്പനിയും ഒരു വ്യക്തിയും തമ്മിൽ നടന്ന ഇടപാട് മാത്രമാണ് ഇതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. കേസിലേക്ക് തന്നെ വലിച്ചിഴച്ചതാണെന്നും വീണ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു.