Headlines

സിപിഐഎമ്മിന് കാലിടറി; അണികൾ‌ തിരുത്തുന്നുവോ? തിരിച്ചടിയായത് ഭരണവിരുദ്ധ വികാരമോ?

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോഴും വോട്ടെടുപ്പ് കഴിഞ്ഞ് എക്സിറ്റ് പോൾ ഫലം വന്നപ്പോഴും തുടർഭരണം എന്ന വ്യാമോഹത്തിലായിരുന്നു എൽഡിഎഫ് നേതാക്കൾ. എന്നാൽ ഫലം വന്നപ്പോൾ‌ വൻ തിരിച്ചടിയാണ് ജനം നൽകിയിരിക്കുന്നത്. ഭരണ വിരുദ്ധ വികാരമില്ലെന്ന് ആവർത്തിച്ച് സിപിഐഎം നേതാക്കൾ പറഞ്ഞപ്പോഴും ഫലം വരുമ്പോൾ ഭരണ വിരുദ്ധവികാരം തിരിച്ചടിയാകുന്നതാണ് കാണുന്നതാണ്. പാർട്ടിയെ അണികൾ തിരുത്തുന്നു എന്ന് നിരീക്ഷിക്കാവുന്ന ഫലമാണ് വന്നിരിക്കുന്നത്.

യുഡിഎഫ് മുന്നേറ്റത്തിൽ പാർട്ടി കോട്ടകൾ പോലും തകർന്നു. ഇതിനുത്തമ ഉദാഹരണമാണ് മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം മണ്ഡലത്തിൽ നിന്ന് പോലും ലഭിച്ചത്. ആറ് റൗണ്ടുകളിലാണ് ധർമ്മടത്ത് പിണറായി വിജയൻ പിന്നിൽ നിന്നത്. ഇടത് കോട്ടകൾ പലതും ഇടഞ്ഞു. ജനങ്ങൾ കൈവിട്ടു. രണ്ടാം പിണറായി സർക്കാർ മന്ത്രിസഭയിലെ നിരവധി മന്ത്രിമാർ പിന്നിലായി. കെ.കെ. ശൈലജ മത്സരിച്ച പേരാവൂർ, ഉറച്ച കോട്ടയായ മട്ടന്നൂർ അടക്കമുള്ള പാർട്ടി കോട്ടകളിൽ കാലിടറി.

ഇടത് കോട്ടയായ കണ്ണൂരിലെ ഒമ്പത് മണ്ഡലങ്ങളിൽ യുഡിഎഫ് ആധിപത്യം സിപിഐഎമ്മിനെ ഞെട്ടിച്ചു. ഭരണവിരുദ്ധത മാത്രമല്ല പിണറായി വിരുദ്ധതയും പാർട്ടിയ്ക്ക് തിരിച്ചടിയായെന്ന് വേണം മനസിലാക്കാൻ. പിണറായി വിജയനെ മുൻനിർത്തിയായിരുന്നു ഇത്തവണയും പാർട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടത്. മൂന്നാം ഭരണം ലക്ഷ്യമിട്ട എൽഡിഎഫിന് നേരിട്ട കനത്ത തോൽവിയുടെ ഉത്തരവാദിത്തം പിണറായി വിജയനിലേക്ക് വന്ന് ചേരും.

പാർട്ടിയിൽ കലഹിച്ച് തിരുത്തൽ നടപടികൾ‌ ആവശ്യപ്പെട്ട് പുറത്തേക്ക് പോയ മുതിർന്ന നേതാവായ ജി സുധാകരൻ,വി കുഞ്ഞികൃഷ്ണൻ, ടികെ ഗോവിന്ദൻ എന്നിവരുടെ ശ്രമങ്ങൾ ശരിയായിരുന്നു എന്ന് തെളിയിക്കുന്നതുകൂടെയായി മാറിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് ഫലം. ഭരണ വിരുദ്ധവികാരം ഇല്ലെന്ന് തെളിയിക്കാൻ‌ പോലും സിപിഐഎമ്മിന് കഴിയാതെ പോകുന്നു. യുഡ‍ിഎഫ് ചരിത്രത്തിലെ ഏറ്റവും മനോഹരമായ വിജയം നേടുമ്പോൾ പാർട്ടിയെ അണികൾ തിരുത്തുന്നുവെന്ന് വേണം മനസിലാക്കാൻ.