പാനൂരില്‍ ബോംബ് നിര്‍മിക്കുന്നതിനിടെ മരിച്ച ഷെറിനെ രക്തസാക്ഷിയാക്കി ഡിവൈഎഫ്‌ഐ പ്രമേയം; അവതരിപ്പിച്ചത് മേഖലാ സമ്മേളനത്തില്‍

കണ്ണൂര്‍ പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ മരിച്ച ഷെറിനെ രക്തസാക്ഷിയാക്കി ഡിവൈഎഫ്‌ഐ പ്രമേയം. കുന്നോത്തുപറമ്പ് മേഖലാ സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. ഷെറിനെ ഉള്‍പ്പെടെയുള്ളവരെ സിപിഐഎം നേതൃത്വം തള്ളിപ്പറഞ്ഞിരുന്നു.

2024 ഏപ്രില്‍ അഞ്ചിനാണ് പാനൂര്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടായി ഷെറിന്‍ മരിച്ചത്.ഷെറിന്‍ കൊല്ലപ്പെടുകയും മറ്റൊരു ുവാവിന്റെ കൈകള്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു. ബോംബ് നിര്‍മാണത്തില് ഷെറിന്‍ ഉള്‍പ്പെടെ 15 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിരുന്നുവെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്. സംഭവം ഏറെ ചര്‍ച്ചയായതോടെ ബോംബ് നിര്‍മാണത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നാണ് സിപിഐഎം നേതൃത്വം പ്രതികരിച്ചിരുന്നത്. ഷെറിന്‍ സിപിഐഎം പ്രവര്‍ത്തകന്‍ അല്ലെന്നായിരുന്നു അന്ന് സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ വിശദീകരിച്ചിരുന്നത്. എന്നാല്‍ സിപിഐഎം പാനൂര്‍ ഏരിയ നേതാക്കളും മറ്റ് പ്രാദേശിക നേതാക്കളും ഷെറിന്റെ വീട് സന്ദര്‍ശിച്ചത് ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ മേഖലാ സമ്മേളനത്തില്‍ അവതരിപ്പിച്ച രക്തസാക്ഷി പ്രമേയത്തില്‍ ഷെറിന്റെ പേരുകൂടി ഉള്‍പ്പെടുത്തിയത്. വിഷയത്തില്‍ സിപിഐഎം നേതൃത്വത്തിന്റെ പ്രതികരണം ട്വന്റിഫോര്‍ ആരാഞ്ഞെങ്കിലും നേതാക്കള്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.

പാനൂര്‍ ബോംബ് കേസിലെ പ്രതിയായ അമല്‍ ബാബുവിനെ സിപിഐഎം മീത്തലെ കുന്നോത്ത്പറമ്പ് ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തത് ആഴ്ചകള്‍ക്ക് മുന്‍പ് വീണ്ടും പാനൂര്‍ ബോംബ് സ്‌ഫോടനം ചര്‍ച്ചയാകാന്‍ കാരണമായിരുന്നു. സംഭവത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് കാണിച്ച് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത അമലിനെയാണ് സ്‌ഫോടനം നടന്ന് ഒരു വര്‍ഷത്തിന് ശേഷം സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയാക്കിയത്. കണ്ണൂരിലെ ആളൊഴിഞ്ഞ വീട്ടില്‍ സിപിഐഎമ്മുമായി ബന്ധമുണ്ടെന്ന് പറയുന്ന യുവാക്കള്‍ എന്തിന് ബോംബ് നിര്‍മിച്ചുവെന്നും എതിരാളികള്‍ക്ക് നേരെ പ്രയോഗിക്കാനാണോ ബോംബെന്നുമുള്ള ചില ധാര്‍മിക ചോദ്യങ്ങളാണ് പാനൂര്‍ സംഭവം ഉയര്‍ത്തിവിട്ടിരുന്നത്.