ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പിൽ സുതാര്യത ഇല്ലെന്ന് ഹൈക്കോടതി വിമർശനം. അയ്യപ്പന്റെ പേരിൽ സ്വകാര്യ വ്യക്തികളിൽ നിന്ന് പണംപിരിക്കുന്നത് ശരിയാണോ എന്ന് ആലോചിക്കണമെന്നും കോടതി പറഞ്ഞു. ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ഹർജിയിലാണ് കോടതി ഇടപെടൽ.
ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ടാണ് അയ്യപ്പ സംഗമം നടത്തുന്നത് എന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം. എന്നാൽ പ്ലാറ്റിനം ജൂബിലിക്കും അയ്യപ്പ സംഗമവുമായി എന്ത് ബന്ധമെന്ന് കോടതിയുടെ ചോദ്യം. സ്പോൺസർഷിപിലൂടെ പരിപാടി നടത്തുന്നത് ഞെട്ടിക്കുന്നതാണ്. പരിപാടിയുടെ രീതിയുടെ കാര്യത്തിൽ സർക്കാരിനും ബോർഡിനും വ്യക്തതയില്ല.
പരിപാടിയുടെ സാമ്പത്തിക ചെലവുകളും, ഫണ്ട് സമാഹരണവും സംബന്ധിച്ച വിശദമായ റിപ്പോർട്ട് വേണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, വി.എം ശ്യാംകുമാർ എന്നിവരുടെ അവധിക്കാല ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. 9 തീയതി ദേവസ്വം ബെഞ്ച് വിശദമായി വാദം കേൾക്കും.