മധ്യപ്രദേശിലെ ഇന്‍ഡോറിലെ ആശുപത്രിയില്‍ ഐസിയുവിലായിരുന്ന രണ്ട് നവജാതശിശുക്കളെ എലി കടിച്ചു. കടിയേറ്റ ഒരു കുഞ്ഞ് മരിച്ചു. മരണകാരണം ന്യുമോണിയ എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. മഹാരാജ യശ്വന്ത്‌റാവു സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം നടന്നത്. ആശുപത്രി വാര്‍ഡിലെ പലയിടങ്ങളിലും എലികള്‍ വിഹരിക്കുന്നതായുള്ള വിഡിയോകളും പുറത്തെത്തിയിട്ടുണ്ട്.
ഐസിയുവില്‍ ചികിത്സയിലായിരുന്ന രണ്ടു കുഞ്ഞുങ്ങള്‍ക്കാണ് എലിയുടെ കടിയേറ്റത്. ഒരു കുഞ്ഞിന്റെ വിരലിലും രണ്ടാമത്തെ കുഞ്ഞിന്റെ തലയിലും തോളിലുമാണ് എലി കടിച്ചത്. കുഞ്ഞുങ്ങളുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടതിനെ തുടര്‍ന്ന് നഴ്‌സുമാര്‍ ആശുപത്രി അധികൃതരെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ സിസിടിവി പരിശോധനയിലാണ് ഐസിയുവില്‍ എലികളെ കണ്ടെത്തിയത്.
നവജാത ശിശുവിന്റെ മരണകാരണം ന്യുമോണിയ ആണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തെ തുടര്‍ന്ന് ആശുപത്രിയിലെ സൂപ്രണ്ടിനെയും നേഴ്‌സുമാരെയും സസ്‌പെന്‍ഡ് ചെയ്തു. കീടനിയന്ത്രണത്തിന് ചുമതല ഉള്ള കമ്പനിക്ക് ഒരു ലക്ഷം രൂപ പിഴച്ചുമത്തി. എലിയുടെ കടിയേറ്റ രണ്ടാമത്തെ കുഞ്ഞ് ശസ്ത്രക്രിയയ്ക്ക് വിധേയനായി നിലവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.