Headlines

അയോധ്യാ രാമക്ഷേത്രത്തിലെ സംഭാവന കൊള്ള; ഭക്തരുടെ വികാരത്തെ ബാധിച്ചു, വീഴ്ചകൾ ഉടൻ പരിഹരിക്കണം, ആദ്യ പ്രതികരണവുമായി RSS

 

അയോധ്യാ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയിൽ പ്രതികരണവുമായി ആർഎസ്എസ്. കടുത്ത വേദനയും അമർഷവും ഉണ്ടെന്നും കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കണമെന്നും ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ പറഞ്ഞു. സംഭാവനാക്കൊള്ള ഭക്തരുടെ വികാരത്തെ ബാധിച്ചു. വീഴ്ചകൾ ക്ഷേത്രട്രസ്റ്റ് ഉടൻ പരിഹരിക്കണമെന്നും ദത്താത്രേയ ഹൊസബാളെ പറഞ്ഞു. സംഭാവനൊക്കൊള്ളയിൽ ആർഎസ്എസിന്റെ ആദ്യപ്രതികരണമാണിത്.

 

 

ക്ഷേത്ര ട്രസ്റ്റ് വീഴ്ചകൾ ഉടൻ പരിഹരിക്കണം. ക്ഷേത്ര ഭരണത്തിൽ സുതാര്യത ഉറപ്പാക്കണം. ഹിന്ദു സമൂഹം സംയമനം പാലിക്കണമെന്നും ഹിന്ദു വിരുദ്ധ ദേശവിരുദ്ധ ശക്തികളുടെ ഗൂഢാലോചന ചെറുക്കണമെന്നും ദത്താത്രേയ ഹൊസബാളെ പറഞ്ഞു.

 

അതേസമയം, കേസിൽ അറസ്റ്റിലായ എട്ടു പ്രതികളിൽ അഞ്ചുപേർ ക്ഷേത്രത്തിലെ സംഭാവനകൾ മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. സോക്സിലും വസ്ത്രങ്ങൾക്കുള്ളിലും പ്രതികൾ സംഭാവനകൾ കടത്തുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. ക്ഷേത്രത്തിലെ പിൽഗ്രിം ഫെസിലിറ്റി സെന്ററിൽ നിന്ന് 45 ദിവസത്തെ ദൃശ്യങ്ങൾ ആണ് എസ് ഐ ടി ക്ക് ലഭിച്ചത്.

 

പണം എണ്ണുന്നതിനായി ഏർപ്പെടുത്തിയവരെ കണ്ടെത്തിയത് തങ്ങളല്ലെന്ന് ജീവനക്കാരെ നിയോഗിച്ച ഏജൻസി അന്വേഷണ സംഘത്തിന് മൊഴി നൽകി. ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിയെ വീണ്ടും അന്വേഷണസംഘം ചോദ്യം ചെയ്തു. മുൻ ട്രസ്റ്റി അനിൽ മിശ്ര ക്ഷേത്രത്തിലെ ഉദ്യോഗസ്ഥൻ ഗോപാൽ റാവു എന്നിവരെയും അന്വേഷണസംഘം ചോദ്യം ചെയ്തു. മൂവരെയും ഒന്നിച്ചിരുത്തിയും പിന്നീട് പ്രത്യേകമായും അന്വേഷണസംഘം ചോദ്യം ചെയ്തെന്നാണ് വിവരം. രാമക്ഷേത്രത്തിൽ എത്തി അന്വേഷണസംഘം ഓഡിറ്റ് രേഖകൾ ബാങ്ക് ഇടപാടുകൾ സാമ്പത്തിക രേഖകൾ എന്നിവ പരിശോധിച്ചു. സാമ്പത്തിക രേഖകളുടെ സങ്കീർണ്ണത കണക്കിലെടുത്ത് ചാർട്ടേഡ് അക്കൗണ്ട് മാരുടെ സഹായം കൂടി പൊലീസ് തേടിയേക്കും.