രമേശ് ചെന്നിത്തലയുമായി പെരുന്നയിൽ ഇന്നലെ പലകുറി സംസാരിച്ചിരുന്നു. ഇന്നലെ നടന്നതിൽ ഒരു കൗതുകം പോലും തനിക്ക് തോന്നുന്നില്ല. വാർത്ത ഏതുതരത്തിൽ നൽകണം എന്നത് മാധ്യമപ്രവർത്തകരുടെ സ്വാതന്ത്ര്യം.ഞങ്ങൾ പരസ്‌പരം പരിചയമുള്ള നേതാക്കളാണ്. എല്ലാ രാഷ്ട്രീയ പാർട്ടിയിൽ പെട്ട ആളുകളുമായി ഇന്നലെ പെരുന്നയിൽ എൻഎസ്എസ് യോഗത്തിൽ വച്ച് സംസാരിച്ചിരുന്നു. അതൊന്നും വലിയ കൗതുക വാർത്തയല്ല. എല്ലാരോടും കുശലം പറയുകയും രാഷ്ട്രീയം പറയുകയും ചെയ്തിട്ടാണ് മടങ്ങിയത്.
പി ജെ കുര്യനുമായി ഭിന്നതയില്ല. ചെവിയിൽ പറഞ്ഞത് കുശലാന്വേഷണം. താൻ പറഞ്ഞതിനെ വളച്ചൊടിച്ച് വാർത്തയായി വന്നു എന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥിയെ സംബന്ധിച്ച് ആർക്കും അഭിപ്രായം പറയാം. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് ഇപ്പോൾ അഭിപ്രായം പറയാൻ ഞാൻ ആളല്ല.
പാലക്കാട്ടുകാർ ഏൽപ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റുന്നു. പാലക്കാട് സജീവമാണ്. മത്സരിക്കുമോ എന്ന ചോദ്യത്തിന് രാഹുൽ കൃത്യമായ മറുപടി നൽകിയില്ല. ഇതിൽ നിന്നും വാർത്ത സൃഷ്ടിക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം വിമർശിച്ചു.
മന്നം ജയന്തി ആഘോഷത്തിന് പെരുന്നയിൽ എൻഎസ്എസ് സംഘടിപ്പിച്ച പരിപാടിക്കിടെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തെ അവഗണിച്ച് മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുടെ വീഡിയോ വൈറൽ ആയിരുന്നു. ചടങ്ങിൽ ചെന്നിത്തലയോട് സംസാരിക്കാനായി രാഹുൽ ശ്രമിച്ചെങ്കിലും അദ്ദേഹം മുഖം കൊടുക്കാതെ നടന്നുനീങ്ങി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചു.
നിർബന്ധിത ഗർഭഛിദ്രമുൾപ്പെടെയുള്ള ആരോപണങ്ങൾ ഉയർന്ന ശേഷം മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയും വി.ഡി. സതീശനും രാഹുലിനെതിരെ രംഗത്തെത്തിയിരുന്നു. പൊലീസ് കേസെടുത്തതോടെ ഒളിവിൽ പോയ രാഹുൽ, അറസ്റ്റ് കോടതി തടഞ്ഞതോടെയാണ് വീണ്ടും മണ്ഡലത്തിൽ സജീവമായത്.
അതിനിടെ അടുത്ത തെരഞ്ഞെടുപ്പിൽ പാലക്കാട് രാഹുലിന് മത്സരിക്കാൻ സീറ്റ് നൽകരുതെന്നാവശ്യപ്പെട്ട് മുതിർന്ന നേതാവ് പി.ജെ. കുര്യനും രംഗത്തെത്തി. പാലക്കാട് മികച്ച നേതാക്കൾ വേറെയുമുണ്ടെന്നും രാഹുലിനെപ്പോലെ ആരോപണവിധേയനായ ഒരാൾക്ക് സീറ്റ് നൽകുന്നത് ഉചിതമല്ലെന്നുമായിരുന്നു കുര്യന്റെ പ്രസ്താവന.
പിന്നാലെ, പിജെ കുര്യന്റെ പ്രസ്താവനയിൽ, പിജെ കുര്യനെ നേരിട്ട് അതൃപ്തി അറിയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി. എൻഎസ്എസ് ആസ്ഥാനത്ത് വെച്ചാണ് അതൃപ്തി അറിയിച്ചത്. ഇരുവരും സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.






