കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ നിന്ന് വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമായി. 16ൽ 12 പേരുടെ സസ്പെൻഷൻ പിൻവലിക്കാനാണ് തീരുമാനം.
ശ്യാംജിത്ത്, ശ്രദ്ധ, അഭിജിത്ത് കെ.വി, അർച്ചന എന്നിവരെ തിരിച്ചെടുക്കില്ല. സസ്പെൻഷനിലിരിക്കെ ക്യാമ്പസിൽ കയറിയെന്ന കാരണത്താലാണ് ഈ വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിക്കാത്തത്. ഇവരുടെ സസ്പെൻഷൻ കാലാവധി രണ്ട് മാസത്തേക്ക് കൂടി നീട്ടുകയും ചെയ്തു.
12 പേരുടെ സസ്പെൻഷൻ പിൻവലിക്കുന്നതിന് സിൻഡിക്കേറ്റ് യോഗം കടുത്ത നിബന്ധനയാണ് മുന്നോട്ട് വച്ചിരിക്കുന്നത്. 12 പേരും മാപ്പപേക്ഷ എഴുതി വിസിക്ക് നൽകണം. എങ്കിൽ മാത്രമേ ഇവരുടെ സസ്പെൻഷൻ പിൻവലിക്കുകയുള്ളൂ. സർവകലാശാല ക്യാമ്പസിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധമാണ് അരങ്ങേറിയത്. ഇതിനിടെയാണ് ഇവരുടെ സ്പെൻഷൻ നടപടി പിൻവലിച്ചിരിക്കുന്നത്.
സർവകലാശാലയിലെ 16 വിദ്യാർഥികളാണ് സമരം ചെയ്തതിൻ്റെ പേരിൽ 60 ദിവസത്തിലധികമായി സസ്പെൻഷനിൽ തുടരുന്നത്. വൈസ് ചാൻസലർ ഡോ. സിസ തോമസിനെ ശാരീരികമായി കയ്യേറ്റം ചെയ്തുവെന്നതടക്കമുള്ളത് ആരോപിച്ചാണ് വിദ്യാർഥികളെ സസ്പെൻ്റ് ചെയ്തത്.
അതേസമയം വിദ്യാർത്ഥികൾ മാപ്പ് എഴുതി കൊടുക്കില്ലെന്ന് എസ്എഫ്ഐ വ്യക്തമാക്കി. മാപ്പപേക്ഷ നൽകി തിരികെ കയറാൻ ഇല്ലെന്ന് വിദ്യാർഥികൾ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. മാപ്പ് എഴുതി നൽകുന്നത് ആർഎസ്എസിൻ്റെ പരിപാടിയാണ് അതിന് എസ്എഫ്ഐയെ കിട്ടില്ല. 16 പേരുടെയും സസ്പെൻഷൻ പിൻവലിക്കുന്നത് വരെ നിരാഹാര സമരം തുടരുമെന്നും നേതാക്കൾ വ്യക്തമാക്കി. ആർഎസ്എസിൻ്റെ വക്കാലത്തുമായി വരാൻ കോൺഗ്രസിന് നാണമില്ലേയെന്നും എസ്എഫ്ഐ ചോദിച്ചു.






